ടൂറിസം ഫെസിലിറ്റേഷൻ സെന്റർ കാടുകയറി നശിക്കുന്നു
1465312
Thursday, October 31, 2024 4:16 AM IST
രാജാക്കാട്: കള്ളിമാലി വ്യൂ പോയിന്റിലെ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ കാടുകയറി നശിക്കുന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച സെന്ററാണ് കാടുകയറി നശിക്കുന്നത്. 2020 നവംബറിൽ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ മുൻകൈ എടുത്ത് പണികഴിപ്പിച്ചതാണ് ഈ രണ്ടുനിലകെട്ടിടം.കള്ളിമാലി വ്യൂ പോയിന്റിൽ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചാണ് കെട്ടിടം പണി തീർത്തത്.
രണ്ടുനിലകളും ആധുനിക സൗകര്യങ്ങളൊരുക്കിയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെയിരുന്നാൽ പൊന്മുടി ഡാം റിസർവോയറും നോക്കെത്താ ദൂരത്തുള്ള കാനനഭംഗിയും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ, അതിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്.
കെട്ടിടം കാടുകയറി നശിക്കുകയാണ്. വയറിംഗ് ഉൾപ്പെടെ പല ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിൽ കാണാനില്ല. ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമാണീ സെന്റർ. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തധികൃതർ അടിയന്തരമായി ഇടപെടണമെന്നും നേരിട്ട് നടത്തുകയോ മറ്റേതെങ്കിലും ഏജൻസികൾക്കോ വ്യക്തികൾക്കോ പാട്ടത്തിന് കൊടുക്കുകയോ വേണമെന്ന ആവശ്യമാണുയരുന്നത്.