ഹൈവേ നിര്‍മാണം ഇഴയുന്നു; തൂക്കുപാലം ഗതാഗതക്കുരുക്കില്‍
1464919
Tuesday, October 29, 2024 8:15 AM IST
നെടുങ്കണ്ടം: ഹൈവേ നിര്‍മാണം ഇഴയുന്നതോടെ തൂക്കുപാലം ടൗൺ ഗതാഗതക്കുരുക്കില്‍. കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തൂക്കുപാലം ടൗണിലെ റോഡുകള്‍ പൊളിച്ചിട്ടിട്ട് മാസങ്ങളായി. രണ്ടു കലുങ്കുകളുടെ നിര്‍മാണത്തിനായി വലിയ കുഴികള്‍ കുഴിച്ചിട്ടും മാസങ്ങളായി. ഇതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്.
റോഡില്‍ പൊടിപടലങ്ങൾ വ്യാപിച്ചതോടെ വ്യാപാരികളും കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. പൊളിച്ചിട്ട റോഡില്‍ രൂപപ്പെട്ട കുഴികളില്‍ മഴ പെയ്യുന്നതോടെ ചെളിവെള്ളവും നിറയും. മേഖലയിലെ ഏറ്റവും തിരക്കേറിയ ടൗണുകളിലൊന്നാണ് തൂക്കുപാലം.
ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കു മാത്രം ഇതുവഴി പോകുന്നത്. ഇതൂകൂടാതെ നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുമ്പോള്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.
തൂക്കുപാലം ടൗണിന്റെ രണ്ടു വശങ്ങളിലുമുള്ള ഭാഗത്തെ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ടൗണിലെ നിര്‍മാണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്.