തൊപ്പിയിൽ പൊൻതൂവലായി തൊട്ടിയാർ: ഉത്പാദിപ്പിക്കുന്നത് 40 മെഗാവാട്ട്
1464923
Tuesday, October 29, 2024 8:15 AM IST
തൊടുപുഴ: തൊട്ടിയാർ പദ്ധതി യാഥാർഥ്യമാകുന്പോൾ വൈദ്യുതി ബോർഡിനും ജീവനക്കാർക്കും അഭിമാനിക്കാനേറെ. 2009 ഫെബ്രുവരി മൂന്നിന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലനാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്.
2013 മെയിൽ പദ്ധതി പൂർത്തിയാക്കുന്നതിനാണ് കരാർ ഒപ്പുവച്ചത്. പദ്ധതിക്കാവശ്യമായ സ്ഥലം യഥാസമയം ഏറ്റെടുക്കാനാകാതെവന്നതും വനംവകുപ്പിന്റെ രണ്ടാംഘട്ട അനുമതി ലഭിക്കാത്തതും കരാറുകാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പദ്ധതി അനിശ്ചിതമായി നീണ്ടുപോകാൻ കാരണമായി.
ഹൈദരാബാദ് ആസ്ഥാനമായുള്ള സിപിപിഎൽ കന്പനിയും ചൈനീസ് കന്പനിയായ ചോംഗ്ചിംഗും ഉൾപ്പെട്ട കണ്‍സോർഷ്യമാണ് നിർമാണ കരാർ എടുത്തത്. 140 കോടിയായിരുന്നു ടെണ്ടർ തുക. പിന്നീട് സ്ഥലം ഏറ്റെടുത്തു നൽകുന്നതു സംബന്ധിച്ചുള്ള തർക്കംമൂലം ഫോർക്ലോഷർ നടപടിയിലൂടെ 2016-ൽകരാറുകാരെ നഷ്ടപരിഹാരം നൽകി ഒഴിവാക്കുകയായിരുന്നു. ഈ സമയം 33.80 ശതമാനം ജോലികളാണ് പൂർത്തീകരിച്ചിരുന്നത്.
അവശേഷിക്കുന്ന നിർമാണ പ്രവർത്തനത്തിനായി 280 കോടിയുടെ ഭരണാനുമതി നൽകുകയും 2018 ഏപ്രിൽ അഞ്ചിന് സിവിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള കരാർ പ്രിൽ-എസ്എസ്ഐപിഎൽ എന്ന കണ്‍സോർഷ്യവുമായി ഒപ്പുവയ്ക്കുകയായിരുന്നു. ഇലക്ട്രോ-മെക്കാനിക്കൽ ജോലികൾ വൈദ്യുതി ബോർഡ് സ്വന്തം നിലയിലാണ് പൂർത്തീകരിച്ചത്. ഇതിനായി ഈ രംഗത്ത് വൈദഗ്ധ്യമുള്ള ജീവനക്കാരെ തെരഞ്ഞെടുത്തു.
ചുക്കാൻപിടിച്ചത് നാൽവർസംഘം
വൈദ്യുതി ബോർഡ് സ്വന്തം നിലയ്ക്ക് നിർമാണം ഏറ്റെടുത്തതുമുതൽ പൂർത്തീകരിക്കുന്നതുവരെ ഇലക്ട്രിക്കൽ ജോലികൾ നടത്തിയത് അസിസ്റ്റന്റ് എൻജിനിയർമാരായ ബിനു വർഗീസ്, എൻ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. അസിസ്റ്റന്റ് എൻജിനിയർ അനൂപ് പോൾ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബെന്നി പോൾ എന്നിവരും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്ന ചിലർ വിരമിച്ചു. മീൻകട്ട് സിവിൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി. പ്രമീളദേവിയുടെ നേതൃപാടവം പദ്ധതിക്ക് ഗതിവേഗം കൂട്ടി.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളായതിനാൽ ജോലികൾ ഏറെ ശ്രമകരമായിരുന്നു. പദ്ധതിയുടെ രൂപരേഖയും ഉപകരണങ്ങളും കൈവശമുണ്ടെങ്കിലും ഇവ കൂട്ടിയോജിപ്പിക്കുന്നതടക്കമുള്ള ജോലികൾക്ക് ചൈനീസ് ഭാഷ തടസമായി. പല സന്ദർഭങ്ങളിലും ചൈനീസ് ഭാഷ ഇംഗ്ലീഷിലേക്കും മറ്റും തർജമചെയ്താണ് ജോലികൾ നടത്തിയത്.
ഇതിനിടെ 2018-ലെ പ്രളയത്തിൽ നിർമാണത്തിനായി എത്തിച്ച നിരവധി മെഷിനറികൾ ഒഴുകിപ്പോകുകയും ചെളികയറി നശിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ ചെളിക്കുണ്ടായി മാറിയ പ്രദേശത്ത് 40 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള വൈദ്യുതി പദ്ധതി പൂർത്തീകരിക്കാനായത് കെഎസ്ഇബിയുടെ തൊപ്പിയിലെ പൊൻതൂവലാണ്. പെരിയാറിന്റെ കരയിൽ നീണ്ടപാറയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത നിലയത്തിലേക്ക് എത്തുന്നതിനു പെരിയാറിനു കുറുകെ 110 മീറ്റർ നീളമുള്ള പുതിയ പാലവും നിർമിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.