തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനത്തടികളുമായി നാലുപേർ പിടിയിൽ
1464948
Wednesday, October 30, 2024 4:17 AM IST
മറയൂർ: തമിഴ്നാട്ടിലേക്ക് കടത്തുവാൻ ശ്രമിച്ച ചന്ദനത്തടികളുമായി നാലു പേർ പിടിയിൽ. കാന്തല്ലൂർ ചുരുക്കുളം ഗ്രാമത്തിലെ കെ. പഴനിസ്വാമി(48), വി. സുരേഷ് (39), പി. ഭഗവതി (48), ടി. രാമകൃഷ്ണൻ (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്.
പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ടു വാച്ചർമാർക്ക് മർദനമേറ്റു. ചട്ട മൂന്നാർ സ്വദേശി മുനിയാണ്ടി (35), പള്ളനാട് സ്വദേശി പ്രദീപ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ഉടുമലൈപ്പേട്ട ചന്ദനലോബിക്ക് ചന്ദനം എത്തിച്ചു നല്കുന്ന സംഘമാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മറയൂർ ഡിഎഫ്ഒ പി.ജെ. സുഹൈബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്നു പിടിച്ചെടുത്ത ചന്ദനത്തടികൾ 2024 സെപ്റ്റംബർ 19ന് മറയൂർ പുളിക്കരവയൽ വെസ്റ്റഡ് ഫോറസ്റ്റ് മേഖലയിൽനിന്നു മുറിച്ച കടത്തിയതാണെന്ന് പ്രതികൾ മൊഴി നല്കി.
മറയൂർ ഉടുമലൈപ്പേട്ട അന്തർ സംസ്ഥാന പാതയിൽ കരിമൂട്ടി ചില്ലിയോടു ഭാഗത്തുനിന്നു തമിഴ്നാട്ടിലേക്കുള്ള ബസിൽ ചന്ദനം കടത്തിക്കൊണ്ടു പോകാൻ കാത്തുനില്ക്കുമ്പോഴാണ് വനം വകുപ്പ് അധികൃതർ ഇവരെ പിടികൂടിയത്. പ്രതികളിൽ പഴനിസ്വാമി മുൻപും രണ്ടു ചന്ദന കേസുകളിലെ പ്രതിയാണ്.
ഭഗവതിയും സുരേഷും വനമേഖലയിൽ ഉണങ്ങിയതും മറിഞ്ഞുവീഴുന്നതുമായ ചന്ദനത്തടികൾ ശേഖരിക്കുന്നതിന് വനംവകുപ്പിൽ ജോലി ചെയ്തിരുന്നവരാണ്. ഒരു കിലോ ചന്ദനത്തിന് 900 രൂപ ലഭിക്കുമെന്നാണ് പ്രതികൾ മൊഴി നല്കിയിരിക്കുന്നത്.
മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ.അരുൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി. ഷിബുകുമാർ, ശങ്കരൻ ഗിരി, ബീറ്റ് ഓഫീസർമാരായ ബി.ആർ. രാഹുൽ, അഖിൽ അരവിന്ദ്, എസ്.പി. വിഷ്ണു, വിഷ്ണു കെ.ചന്ദ്രൻ, സജിമോൻ, താത്കാലിക വാച്ചർമാർ മുനിയാണ്ടി, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.