പോളിടെക്നിക് കാമ്പസിനുള്ളിൽ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു
1464921
Tuesday, October 29, 2024 8:15 AM IST
വണ്ടിപ്പെരിയാർ: അറുപത്തിരണ്ടാം മൈൽ പോളിടെക്നിക് കാമ്പസിനുള്ളിൽ വ്യാഴാഴ്ച കണ്ട ജീവിയെ ഇതുവരെയും തിരിച്ചറിഞ്ഞില്ല. ഇവയെ തിരിച്ചറിയുന്നതിനായി വനംവകുപ്പ് കാമ്പസിനുള്ളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. ഇവിടെ കഴിഞ്ഞ ദിവസം കണ്ട ജീവി പുലിയാണെന്നും പൂച്ചപ്പുലിയാണെന്നും അഭ്യൂഹം പരന്നിരുന്നു. ഇതോടെ നാട്ടുകാരും വിദ്യാർഥികളും ഉൾപ്പെടെ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ലേഡീസ് ഹോസ്റ്റലിലെ പാചകത്തൊഴിലാളി ശരണ്യ അവിടേക്ക് നടന്നുപോകുമ്പോൾ പുലിയെന്നു തോന്നിക്കുന്ന ജീവി റോഡിന് കുറുകെ പോകുന്നതായി കണ്ടു. ഇവർ ഭയന്ന് ഒച്ചവച്ചതോടെ ജീവി കാട്ടിൽ ഒളിച്ചു. തുടർന്ന് പോളിടെക്നിക് ജീവനക്കാർ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
പോളിടെക്നിക്കിന്റെ പരിസരത്ത് ദിവസവും ഉണ്ടായിരുന്ന നായയെ വെള്ളിയാഴ്ച മുതൽ കാണാതായിട്ടുണ്ട്. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. മേഖലയിൽ വന്യജീവിശല്യം രൂക്ഷമാണ്.