ഗതാഗതക്കുരുക്ക്; ശങ്കുപടിയിലെ എസ് വളവ് നിവര്‍ത്തണം
1464941
Wednesday, October 30, 2024 4:05 AM IST
അടിമാലി: രണ്ടാംമൈല്‍ ഇരുട്ടുകാനം റോഡില്‍ ആനച്ചാല്‍ ശങ്കുപടിക്ക് സമീപമുള്ള എസ് വളവ് നിവര്‍ത്താന്‍ നടപടി വേണമെന്നാവശ്യം. വിനോദ സഞ്ചാരികളുടേതടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങളാൾ കടന്നുപോകുന്ന റോഡാണിത്. തുടരെത്തുടരെ രണ്ട് വളവുകളും കയറ്റവും വീതി കുറവുമാണ് ശങ്കുപടിക്ക് സമീപമുള്ള എസ് വളവില്‍ അപകട സാധ്യത ഉയര്‍ത്തുന്നത്. വലിയ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.
മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നതോടെ എസ് വളവില്‍ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഭാരവാഹനങ്ങളും വലിയ ടൂറിസ്റ്റ് ബസുകളുമൊക്കെ വളവിൽ കുടുങ്ങി ഗതാഗത തടസവും ഉണ്ടാകുന്നുണ്ട്.
വളവുകളോട് ചേര്‍ന്നുള്ള മണ്‍തിട്ട നീക്കി റോഡ് നിവര്‍ത്തിയാല്‍ പാതയുടെ വീതി വര്‍ധിക്കുകയും അപകട സാധ്യതയൊഴിവാകുകയും ചെയ്യും. വിനോദ സഞ്ചാരികള്‍ക്കായുള്ള അഡ്വഞ്ചര്‍ പാര്‍ക്കുള്‍പ്പെടെയുള്ള പ്രദേശമായതിനാൽ സദാസമയവും ഈ ഭാഗത്ത് വാഹനങ്ങളുടെ തിരക്കുണ്ട്.