ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് ചെങ്ങന്നൂര്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പക്ഷാചരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനമാനിച്ചത്.
ജില്ലാതല ഉദ്ഘാട ചടങ്ങില്‍ ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികള്‍ക്ക് വായനദിന സന്ദേശം നല്‍കും. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങ് എഴുത്തുകാരന് ബെന്യാമിന് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര് എം. മാക്കിയില്‍ അധ്യക്ഷനാകും. ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴു വരെയാണ് വിവിധ കലാ-സാഹിത്യ- സാംസ്കാരിക പരിപാടികളോടെ വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്.
ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാവകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്വകുപ്പ്, ജില്ലാ സാക്ഷരതാമിഷന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍. 18ന് രാവിലെ 9.30ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. ജി. ശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.പി. മുഹമ്മദ്, പി. കേശവദേവ്, ഇടപ്പള്ളി രാഘവന്‍പിള്ള, വി. സാംബശിവന്, തിരുനല്ലൂര്‍ കരുണാകരന്, കെ. ദാമോദരന്‍ തുടങ്ങിയവരുടെ അനുസ്മരണം ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് വിവിധ ദിവസങ്ങളില്‍ നടത്തും.
സ്കൂളുകളില്‍ വായനമത്സരം, അനുസ്മരണ പരിപാടികള്‍, വായനക്കുറിപ്പ് തയാറാക്കല്‍ മത്സരം, ഗ്രന്ഥശാലകളില്‍ പുസ്തക പ്രദര്‍ശനം, താലൂക്ക് അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ ജാഥ, പുസ്തക താലപ്പൊലി, പുസ്തക പൂക്കളം, വായന മത്സരം, വനിത സെമിനാര്‍, ബാലാവകാശ സെമിനാര്‍, ഗുരുവന്ദനം, ചിത്രരചന മത്സരം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സമാപന സമ്മേളനം ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് നടത്താനും തീരുമാനിച്ചു.
അലിയാര് എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ ചെയര്മാന് രവി പാലത്തുങ്കല്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ. നാസര്‍, ജനറല്‍ സെക്രട്ടറി പ്രതാപന് നാട്ടുവെളിച്ചം, കൊച്ചുറാണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.