ചെല്ലാനം മോഡല്‍ ടെട്രാപോഡ് കടല്‍ഭിത്തി കോഴിക്കോട്ടും
1478955
Thursday, November 14, 2024 5:32 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കടലേറ്റത്തെ പ്രതിരോധിക്കാനുള്ള പരീക്ഷണപദ്ധതിയായി എറണാകുളം ചെല്ലാനത്ത് നിർമിച്ച ടെട്രാപോഡ് സംവിധാനം കോഴിക്കോട്ടും.ആവിക്കല്‍ തോട് ചേരുന്ന കടലിന്റെ ഭാഗത്ത് 30 മീറ്റര്‍ നീളത്തിലാണ് ടെട്രാപോഡ് ഭിത്തി നിര്‍മിക്കുക.തോട്ടിലേക്ക് മണലടിഞ്ഞ് ഒഴുക്കുനിലച്ച് പരിസര പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് പരിഹരിക്കാനായി തുറമുഖ വകുപ്പാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
നാലുവശത്തേക്കും നീണ്ട കാലുകളോടെ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് രൂപമാണ് ടെട്രാപോഡ്. ഇത് കടലിനോട് ചേര്‍ന്ന് അടുക്കിവച്ചാല്‍ ഇതിന്റെ ഘടനാ പ്രത്യേകത മൂലം തീരത്തേക്ക് തിരയടിച്ചെത്തുന്നതും കടലേറ്റവും തീരം ഇടിയുന്നതും തടയാനാവും. ആവിക്കല്‍ തോട്ടിലെ ചെളിയെടുത്ത് ആഴം കൂട്ടി, സംരക്ഷണഭിത്തിയൊരുക്കി കിഴക്കുഭാഗത്തെ വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനുള്ള അഞ്ച് കോടിയുടെ പദ്ധതിയുടെ ഭാഗമായാണിത്. ബീച്ച് ഭാഗത്ത് തോടിന്റെ രണ്ട് വശത്തും പുലിമുട്ട് മാതൃകയില്‍ നേരത്തെ കല്ലിട്ടിരുന്നു.
എന്നാല്‍, കല്ലുകള്‍ തിരയെടുക്കുന്നതിനാല് വീണ്ടും മണല്‍ കയറി ഒഴുക്ക് തടസപ്പെടുകയാണ്. ഇതിന് പരിഹാരമായി, രണ്ട് വശങ്ങളിലും പൈലിംഗ് ചെയ്ത് കോണ്‍ക്രീറ്റ് ഭിത്തികെട്ടി, കടലിന് അഭിമുഖമായി നില്ക്കുന്ന ഭാഗത്ത് ടെട്രാപോഡ് സ്ഥാപിക്കും. നിലവില്‍ പൈലിംഗ് പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ ആഴ്ച പൂര്‍ത്തിയാവും. സമീപത്ത് തന്നെ ടെട്രാപോഡ് നിര്‍മാണവും നടക്കുന്നുണ്ട്. ആറ് മാസത്തിനുള്ളിലായി പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
1.3 കോടി ചെലവഴിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മാലിന്യം നീക്കല്‍, ആഴം കൂട്ടല്‍, ബിജി റോഡില്‍ സംരക്ഷണ ഭിത്തി കെട്ടല്‍ തുടങ്ങിയവ പൂര്‍ത്തിയാക്കി. ഇതിന് ശേഷം കഴിഞ്ഞ രണ്ടുവര്‍ഷവും പ്രദേശത്ത് വെള്ളം പൊങ്ങിയിട്ടില്ല. 3.70 കോടിയുടെ രണ്ടാം ഘട്ടമാണ് പുരോഗമിക്കുന്നത്. കിഴക്കുഭാഗത്ത് തോടിന് മുഴുവന്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയും കെട്ടും.