തിരുവമ്പാടി മണ്ഡലത്തിൽ 1,84,808 വോട്ടര്‍മാര്‍; 181 പോളിംഗ് സ്റ്റേഷനുകൾ
1478674
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട്: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിനായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ബൂത്തുകള്‍ ഒരുങ്ങി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇന്ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടോടെ മണ്ഡലത്തിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ബൂത്തുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കൂടത്തായി സെന്റ് മേരീസ് സ്കൂളിലെത്തി ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ വിതരണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വിതരണം പൂര്‍ത്തിയായി. വൈകീട്ടോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ പോളിംഗ് ബൂത്തുകളിലെത്തി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്കുള്ള ഇവിഎം മെഷീനുകളും വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പിയും അടങ്ങുന്ന പെട്ടിയും മറ്റ് സാമഗ്രികളും ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്.
ജില്ലാതല കണ്ട്രോള് റൂം
പ്രവര്‍ത്തനം ആരംഭിച്ചു
തിരുവമ്പാടി മണ്ഡലത്തില്‍ മൂന്ന് ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 181 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മൂന്ന് മാതൃക പോളിംഗ് സ്റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് സ്റ്റേഷനും ഇതില്‍പ്പെടും. സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പിനായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങൾ വെബ് കാസ്റ്റിംഗ് വഴി നിരീക്ഷിക്കുന്നതിനായി ജില്ല കണ്ട്രോള് റൂം കോഴിക്കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പോള്‍ മാനേജര്‍ കണ്ട്രോള് റൂമും ഇവിടെ പ്രവര്‍ത്തിക്കും. ഇതിനു പുറമെ തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായും വോട്ടെണ്ണല്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസിലും ഉപവരണാധികാരിയുടെ നിയന്ത്രണത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ഇവിടെ കെഎസ്ഇബി, മെഡിക്കല്‍ സംഘം, ബിഎസ്എന്‍എല്‍ എന്നിവയുടെ സേവനവും ഉണ്ടാകും.
1,84,808 വോട്ടര്‍മാര്‍
തിരുവമ്പാടി മണ്ഡലത്തില്‍ ഇത്തവണ 93,371 സ്ത്രീ വോട്ടര്‍മാരും 91,434 പുരുഷ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 1,84,808 വോട്ടര്‍മാരാണുള്ളത്. മണ്ഡലത്തില്‍ 18,19 പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 2277 പുതിയ വോട്ടര്‍മാരാണുള്ളത്. 2792 ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാരുമുണ്ട്.
കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസാണ് തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമും സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. വിതരണകേന്ദ്രം പൂര്‍ണമായും സിസിടിവി കാമറ നിരീക്ഷണത്തിലാണ്. ലൈവ് നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട് ഉപതെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകളും 181 വീതം കണ്ട്രോള് യൂണിറ്റുകളും വിവിപാറ്റുമാണുള്ളത്. 20-25 ശതമാനം വീതം ബാലറ്റ് യൂണിറ്റും കണ്ട്രോള് യൂണിറ്റും വിവിപാറ്റും അധികമായി കരുതിയിട്ടുണ്ട്.