ചാന്തോട്ട്താഴെ-പുറായിൽമുക്ക് റോഡ് തകർച്ചയിൽ; നാട്ടുകാർ ദുരിതത്തിൽ
1478947
Thursday, November 14, 2024 5:31 AM IST
നടുവണ്ണൂർ: കോഴിക്കോട് -കുറ്റ്യാടി സംസ്ഥാനപാതയിൽ ചാന്തോട്ട് ദുർഗാദേവി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ചാന്തോട്ട് താഴെ - പുറായിൽ മുക്ക് റോഡിലെ നടുവണ്ണൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചാന്തോട്ട് താഴെ മുതൽ കേളോത്ത് താഴെ വരെയുള്ള 300 മീറ്ററോളം ടാറിംഗ് പൂർണമായി തകർന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം രോഗികളടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസമനുഭവിക്കുകയാണ്.
വാഹനങ്ങൾ വിളിച്ചാൽ വരാത്ത അവസ്ഥയാണ്. ഒരു വർഷം മുമ്പ് നാട്ടുകാർ പണം സ്വരൂപിച്ച് സംസ്ഥാന പാതയിൽ ആരംഭിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ജൽജീവൻ പൈപ്പിടുന്നതിന്റെ ഭാഗമായി കുഴിയെടുത്തതോടെ റോഡ് പൂർണമായി തകർന്നു. കരുവണ്ണൂർ എയുപി സ്കൂൾ, നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലും എത്തുന്ന വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.
ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.