പിടിവിടാതെ മഞ്ഞപ്പിത്തം ; തീവ്രത കൂടുന്നു
1478946
Thursday, November 14, 2024 5:31 AM IST
സ്വന്തംലേഖകൻ
കോഴിക്കോട്: ജില്ലയില് പിടിമുറുക്കി മഞ്ഞപ്പിത്തം. പ്രതിദിനം മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒക്ടോബർ മുതൽ ഇതുവരെ 225 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഈ മാസം ആദ്യവാരത്തിൽ മാത്രം 54 പേർക്കാണ് രോഗമുണ്ടായത്. രോഗലക്ഷണങ്ങളുണ്ടാവുകയും ലാബ് പരിശോധന നടത്താത്തതുമായ രോഗികൾ ഇതിന്റെ ഇരട്ടിയോളം വരും.
മുൻവർഷങ്ങളേക്കാൾ അഞ്ചിരട്ടിയധികമാണ് വർധന. 2022 ൽ 249 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചിരുന്നത്. ഈ വർഷം രണ്ടരമാസം കൊണ്ട് മാത്രം 479 പേരാണ് രോഗബാധിതരായത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രോഗതീവ്രത കൂടിയതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗം ബാധിച്ചവർക്ക് നേരത്തെ ചെറിയ ചികിത്സകൊണ്ടു തന്നെ ഭേദമാകാറുണ്ടായിരുന്നു. രോഗലക്ഷണങ്ങൾ പതിയെ അടങ്ങി, രോഗവിമുക്തിയിലേക്ക് നീങ്ങുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പലതരം സങ്കീർണതകൾ കാരണം രോഗികൾ ഗുരതരാവസ്ഥയിലേക്ക് മാറുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
കുടിവെള്ളവും ഭക്ഷണവും വഴിയാണ് രോഗപ്പകർച്ചയുണ്ടാകുന്നത്. വിവാഹം പോലുള്ള ചടങ്ങുകൾ, പൊതു കുടിവെള്ള സ്രോതസുകൾ എന്നിവ വഴിയെല്ലാം രോഗബാധയുണ്ടാകുന്നുണ്ട്. ശുചിത്വമില്ലാത്ത വെള്ളത്തിലുണ്ടാക്കിയ ഐസ് രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. ശീതളപാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തത് മഞ്ഞപ്പിത്തം പെരുകാൻ കാരണമാകുന്നുണ്ട്.
ഐഐഎസ്ആർ, സിഡബ്ല്യുആർഡിഎം തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പരിശോധനയിൽ ഇ കോളി ഉൾപ്പെടെയുള്ള അണുക്കൾ കുടിവെള്ളത്തിൽ കണ്ടെത്തിയിരുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ജ്യൂസ് കടകളിൽ തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്ന് എടുത്തതോ ആയ വെള്ളം ഉപയോഗിക്കണം. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കാതിരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.