കാർഷിക യന്ത്രം സർവ്വം ചലിതം: തൂണേരിയിൽ ഇനി കാർഷിക യന്ത്രങ്ങൾ പണിമുടക്കില്ല
1478667
Wednesday, November 13, 2024 4:52 AM IST
നാദാപുരം: തൂണേരിയിൽ ഇനി കാർഷിക യന്ത്രങ്ങൾ പണിമുടക്കില്ല. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പായ ‘കാർഷിക യന്ത്രം സർവ്വം ചലിതം' തൂണേരിയിൽ ആരംഭിച്ചു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ കർഷകരുടെ പ്രവർത്തനക്ഷമമല്ലാത്ത എല്ലാ കാർഷിക യന്ത്രങ്ങളും റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കി നൽകുകയാണ് ലക്ഷ്യമിടുന്നത്.
കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യുന്നതിനോടൊപ്പം യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് കർഷകരിൽ അവബോധമുണ്ടാക്കുന്നതിനും ക്യാമ്പ് ലക്ഷ്യം വെക്കുന്നു. കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.