ബജറ്റ്: സന്തോഷമുണ്ട്, പ്രതിഷേധവും
Monday, February 3, 2025 12:00 AM IST
മോദി സർക്കാർ അടിയന്തരമായി ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്; ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന സ്വന്തം മുദ്രാവാക്യം നടപ്പിലാക്കുക.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ശ്രദ്ധേയമായത് ആദായനികുതിയിൽ വരുത്തിയ പതിവില്ലാത്ത ഇളവിന്റെ പേരിലാണ്. തികച്ചും സ്വാഗതാർഹമാണത്. പക്ഷേ, കേരളം ഈ ബജറ്റിനെ നീതിനിഷേധത്തിന്റെയും രാഷ്ട്രീയതാത്പര്യങ്ങളുടെയും പ്രകടനമെന്ന നിലയിലുമാണ് വിലയിരുത്തിയത്. ആദായനികുതിയിൽ 10 ലക്ഷംവരെ ഇളവുണ്ടാകുമെന്ന പ്രവചനത്തെപ്പോലും മറികടന്ന് 12 ലക്ഷമാക്കിയതോടെ ആ പരിധിയിലുള്ള ഇടത്തരക്കാർ തുള്ളിച്ചാടുകയും മാധ്യമങ്ങളുടെ ചർച്ചകൾ അതിലേക്കു കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്തു.
അതു രാജ്യത്തിന്റെ സമഗ്രവളർച്ചയ്ക്കു കാരണമാകുമെന്നാണു കണക്കാക്കുന്നത്. അതേസമയം, ബജറ്റിലാണെങ്കിലും അല്ലെങ്കിലും കേരളത്തെ നിരന്തരം അവഗണിക്കുന്നതു കാണാതിരിക്കാനാവില്ല. കേന്ദ്ര ഖജനാവ് രാജ്യത്തിന്റേതാണെന്നത് ബിജെപി ഇത്തവണയും പരിഗണിച്ചില്ല. കേരളം പിന്നാക്കമാകുവോളം ഇങ്ങനെ ദ്രോഹിക്കുന്നതാണു നയമെങ്കിൽ അത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഉപോത്പന്നമായ അനീതിതന്നെയാണ്.
നികുതിയിളവിലൂടെ ഒരു ലക്ഷം കോടിയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് സർക്കാർ കണക്കുകൾ. മധ്യവർഗത്തിലെ വലിയൊരു വിഭാഗത്തിന്റെ കൈയിൽ കൂടുതൽ പണം ബാക്കിയാകുമെന്നതിനാൽ വർധിക്കുന്ന വാങ്ങൽശേഷിയിലൂടെ രാജ്യത്തിന്റെ സമഗ്രവളർച്ച ത്വരിതഗതിയിലാകുകയും മറ്റു നികുതികളിലൂടെ ഒഴിവാക്കിയ ആദായനികുതിയുടെ വലിയൊരു പങ്ക് സർക്കാരിലേക്കു തിരിച്ചെത്തുകയും ചെയ്യുമെന്നാണു കരുതുന്നത്. എന്നാൽ, സാന്പത്തിക നിരീക്ഷകർ ഇതിൽ വൈരുധ്യം കാണുന്നുണ്ട്. അതായത്, മൊത്തം നികുതിവരുമാനത്തിൽ അടുത്ത സാന്പത്തികവർഷം 10 ശതമാനം വളർച്ചയാണ് ബജറ്റിൽ പറയുന്നത്.
ഒരു ലക്ഷം കോടിയുടെ നഷ്ടക്കണക്കു പറയുന്പോൾതന്നെ, വ്യക്തിഗത ആദായനികുതിയിൽ 14 ശതമാനം വർധന പ്രതീക്ഷിക്കുന്നുമുണ്ട്. അതേസമയം, വ്യവസായ വളർച്ചയും സാന്പത്തികവളർച്ചയും പ്രതിഫലിപ്പിക്കേണ്ട കന്പനികളുടെ ആദായനികുതി, ജിഎസ്ടി, എക്സൈസ് തുടങ്ങിയവയിൽ ഇത്ര വളർച്ചയില്ല.
ഫലത്തിൽ, അടുത്ത സാന്പത്തികവർഷം മറ്റു നികുതികളിൽനിന്നുള്ള കുറവ് പരിഹരിക്കുന്നതു മധ്യവർഗം കൊടുക്കേണ്ട വ്യക്തിഗത ആദായനികുതിയിലൂടെ തന്നെയാണ്. മധ്യവർഗത്തിന്റെ കൈയിൽ കൂടുതൽ പണമുണ്ടാകും എന്ന കണക്കൂകൂട്ടലിനെ ഇതു ചോദ്യം ചെയ്യുന്നുണ്ട്. അതുപോലെ, ജനങ്ങളുടെ കൈയിൽ പണമെത്തുന്നതിനൊപ്പം സാധനങ്ങളുടെ വില കുറയ്ക്കാനും നടപടിയെടുക്കുന്നില്ലെങ്കിൽ സാന്പത്തികവളർച്ച യാഥാർഥ്യമാകണമെന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
144 കോടി ജനസംഖ്യയുള്ള രാജ്യത്ത് നികുതിയിളവ് ലഭിച്ചിരിക്കുന്നത് 10.2 കോടി ആളുകൾക്കാണ്. അവരുടെ ആശ്രിതരെക്കൂടി പരിഗണിച്ചാലും നാലിലൊന്നു പൗരർ മാത്രമേ ഈ സന്തോഷത്തിന്റെ അവകാശികളാകുന്നുള്ളൂ. അന്തസായി ജീവിക്കാനുള്ള വരുമാനമില്ലാത്തവരും പാവപ്പെട്ട കർഷകരും ദളിതരും ആദിവാസികളുമൊക്കെ ബാക്കിയുണ്ട്. അവരുടെ ജീവിതം കഴിഞ്ഞ 78 വർഷത്തേതുപോലെ ഇത്തവണയും ബജറ്റിന്റെയും പുറന്പോക്കിൽതന്നെയാണ്. നികുതിയിളവ്, പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർ ഏറെയുള്ള ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമായേക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും കേന്ദ്രസർക്കാരിനെ താങ്ങിനിർത്തുന്നതിനാലും നിതീഷ് കുമാറിന്റെ ജെഡിയു ഭരിക്കുന്ന ബിഹാറിനും വാരിക്കോരി കൊടുത്തിട്ടുണ്ട്. അതേസമയം, കേരളത്തിനു പ്രത്യേകമായി ഒന്നുമില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന്, അതു സമർപ്പിക്കുന്പോൾ പിണറായി സർക്കാർ പോലും പ്രതീക്ഷിച്ചിട്ടില്ല. വയനാട് പാക്കേജുമില്ല. സമീപകാലത്തു രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ച വയനാടിനെ കണ്ടില്ലെന്ന് ഇപ്പോഴും നടിക്കുന്നത് ക്രൂരതയാണ്. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചോ കേരളത്തിന്റെ സ്വപ്നമായ എയിംസിനെക്കുറിച്ചോ മിണ്ടാട്ടമില്ല. രാജ്യത്തെ നഗരങ്ങളെ വികസനകേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങള്ക്കു പലിശരഹിതമായി 50 വർഷത്തേക്കുള്ള വായ്പ അനുവദിക്കാൻ ഒന്നരലക്ഷം കോടിയോളം രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഒന്നാന്തരം തീരുമാനമാണ്. പക്ഷേ, അക്കാര്യത്തിലെങ്കിലും കേരളത്തിനു നീതി നിഷേധിക്കരുത്.
റബറിനുൾപ്പെടെ കാർഷികോത്പന്നങ്ങളുടെ ന്യായവില വർധിപ്പിക്കുന്നതിനോ കർഷകരുടെ വരുമാനവർധനയ്ക്കോ കാർഷിക കടാശ്വാസത്തിനോ നടപടിയൊന്നുമില്ല. അതേസമയം, കിസാൻ ക്രെഡിറ്റ് കാർഡിൽനിന്നുള്ള നാലു ശതമാനം പലിശയ്ക്കു ലഭിക്കുന്ന വായ്പാ പരിധി മൂന്നു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തിയത് ആശ്വാസമാണ്. ആണവമേഖലയിലെ സ്വകാര്യ പങ്കാളിത്തം, ഇൻഷ്വറൻസ് മേഖലയിലെ സന്പൂർണ വിദേശ നിക്ഷേപം എന്നിവയുടെ അനന്തരഫലങ്ങൾ എന്താകുമെന്നതു കാത്തിരുന്നു കാണേണ്ടതാണ്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, ബജറ്റിനുശേഷം വില കൂടുമെന്നു കരുതുന്നവയുടെ കാര്യത്തിൽ ആർക്കുമില്ല സംശയം. എന്നാൽ വില കുറയുമെന്നു പറയുന്നതിന്റെ കാര്യത്തിൽ പലപ്പോഴും അതു സംഭവിക്കില്ല. മരുന്നുകൾ, എൽഇഡി/എൽസിഡി ടിവി, ഇലക്ട്രിക് വാഹനങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയവയുടെ വില കുറയുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാരിനു ബാധ്യതയുണ്ട്. അല്ലെങ്കിൽ ബജറ്റിന്റെ ഗുണഫലം ഉത്പാദകരെയും ഇറക്കുമതിക്കാരെയും വ്യാപാരികളെയും കടന്നു ജനങ്ങളിലെത്തില്ല.
ഇന്ത്യയുടെ സാന്പത്തിക വളർച്ചയെ നമ്മുടെ ബജറ്റാണ് നിശ്ചയിക്കേണ്ടതെങ്കിലും രണ്ടു ഘടകങ്ങൾ പ്രസക്തമാണ്. ഒന്ന്, ട്രംപ് ഭരണകൂടത്തിന്റെ ഇറക്കുമതിച്ചുങ്കത്തിലെ നിലപാട് ഗുണപരമായോ പ്രതികൂലമായോ നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിക്കാൻ സാധ്യതയുണ്ട് എന്നതാണ്. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരായി ട്രംപ് കൊണ്ടുവന്ന അധിക ഇറക്കുമതിനികുതികൾ തത്കാലം ഇന്ത്യയുടെ കയറ്റുമതിക്കു ഗുണകരമാണെങ്കിലും നാളെ ഇന്ത്യക്കെതിരേയും അമേരിക്ക ഇതേ നികുതി ചുമത്തിയേക്കാം. ട്രംപിനുള്ള തിരിച്ചടിയായി അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക് കാനഡ 25 ശതമാനം പ്രതികാര നികുതി ഏർപ്പെടുത്താനൊരുങ്ങുകയാണ്. അന്തർദേശീയ വ്യാപാരയുദ്ധത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളെയും ചേർത്തുനിർത്തി കരുത്താർജിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.
2024ലെ കേന്ദ്രബജറ്റിനെ തുടർന്ന് രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് എംപി രാഹുൽ കസ്വാൻ പാർലമെന്റിൽ പറഞ്ഞത്, “കഴിഞ്ഞ 10 വർഷമായി സബ്കാ സാത്, സബ്കാ വികാസ് എന്ന് മോദി സർക്കാർ പറയുന്നുണ്ടെങ്കിലും ഫലത്തിൽ ‘ഞങ്ങൾ സഖ്യകക്ഷികൾക്കൊപ്പം’ എന്നതാണ് പ്രവൃത്തിയിൽ കാണുന്നത്’’ എന്നായിരുന്നു. ഇത്തവണത്തെ ബജറ്റിൽ ആ വാക്കുകൾ കൂടുതൽ പ്രസക്തമായിരിക്കുകയാണ്. മോദി സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് ഒരു കാര്യമേയുള്ളൂ; ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന സ്വന്തം മുദ്രാവാക്യം നടപ്പിലാക്കുക.