ക്രൈസ്തവപീഡനം: മുഖംമൂടിയഴിക്കുന്ന കണക്കുകൾ
മതഭ്രാന്ത് നാടുവാഴുന്പോൾ സർക്കാരുകളും പൗരന്മാരും നിശബ്ദരാകരുത്. തീവ്രവാദികളുടെ നിയന്ത്രണത്തിലായ ഇസ്ലാമിക രാഷ്ട്രങ്ങളെപ്പോലെ ചിന്തിക്കാൻ ഇന്ത്യക്കാവില്ലെന്നു കരുതാം.
ലോകത്ത് ക്രൈസ്തവർക്കു നേരേയുള്ള പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്. ജനുവരി 18ന് ഓപ്പൺ ഡോർസ് പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ പീഡനങ്ങൾക്കിരയായ ക്രൈസ്തവരുടെ എണ്ണം 36 കോടി! അഫ്ഗാനിസ്ഥാനെ പിന്നിലാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയ ഒന്നാമതായി. സൊമാലിയ, യെമൻ, എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, സുഡാൻ എന്നീ രാജ്യങ്ങളുടെ കൂട്ടത്തിൽ പതിനൊന്നാമതായി മതേതര രാജ്യമായ ഇന്ത്യയും. വർധിക്കുന്ന മതഭ്രാന്തുകൾ, ഭരണകൂട പിന്തുണ, സഹജീവികളുടെ നിശബ്ദത, ഭയം എന്നിവയൊക്കെ അസഹിഷ്ണുതയുടെ ഗോത്രകാല സാഹചര്യങ്ങളിലേക്കു മനുഷ്യരാശിയെ മടക്കിക്കൊണ്ടുപോകുകയാണ്. ചെറിയൊരു വാർത്തയ്ക്കപ്പുറം ഓപ്പൺ ഡോർസ് റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതെ പോകുന്നത് പീഡകരോടുള്ള മാധ്യമങ്ങളുടെയും ഒത്തുതീർപ്പ് മനോഭാവത്തിന്റെ ലക്ഷണങ്ങളായി വിലയിരുത്തപ്പെടാം.
ക്രൈസ്തവർക്കെതിരേയുള്ള പീഡനങ്ങളിൽ മുന്നിലാണ് മുസ്ലിം രാജ്യങ്ങൾ. ഇസ്ലാമിക് സ്റ്റേറ്റും അതിന്റെ പോഷകസംഘടനകളെന്നവിധം വിവിധ രാജ്യങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങളുമാണ് ലോകസമാധാനത്തിനു ഭീഷണി. ഇത്തരം രാജ്യങ്ങളിൽനിന്നു പലായനം ചെയ്യുന്നതിനാൽ പലയിടത്തും ക്രൈസ്തവർ നാമമാത്രമായി. താലിബാൻ ആധിപത്യം സ്ഥാപിച്ചതിനുശേഷം പട്ടികയിൽ മുന്നിലായിരുന്ന അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഒന്പതാമതായി. അവിടെ പീഡനം കുറഞ്ഞതല്ല, ഉണ്ടായിരുന്ന ക്രൈസ്തവർ കൊല്ലപ്പെടുകയോ ഒളിവിൽ പോകുകയോ പലായനം ചെയ്യുകയോ ചെയ്തതുകൊണ്ടാണെന്ന്, ഇറ്റലിയുടെ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ റിപ്പോർട്ട് അവതരിപ്പിക്കവേ ഓപ്പൺ ഡോർസിന്റെ ഇറ്റാലിയൻ അധ്യക്ഷ ക്രിസ്റ്റ്യാൻ നാനി പറഞ്ഞു. മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ, അഫ്ഗാൻ ക്രൈസ്തവർ വിശ്വാസം രഹസ്യമായി സൂക്ഷിക്കുകയാണ്. പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുള്ളതിനാൽ ‘അഭയാർത്ഥി സഭ’എന്നൊരു പ്രതിഭാസത്തിനു ലോകം സാക്ഷ്യം വഹിക്കുകയാണെന്നും നാനി വ്യക്തമാക്കി.
ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. അതിനിടെയാണ് ഇക്കഴിഞ്ഞദിവസം, നൈജീരിയയിൽ ഇസ്ലാമിക ഭീകരസംഘടനയായ ഫുലാനി 11 കത്തോലിക്കരെ കൊന്നത്. ഗുരുതരമായി പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മകുർദി രൂപതയിലെ അഭയാർഥിക്യാന്പിനു സമീപത്തായിരുന്നു ആക്രമണം. സബ്-സഹാറൻ ആഫ്രിക്കയിൽ ക്രൈസ്തവർക്കു നേരേ മുസ്ലിം തീവ്രവാദികളുടെ ആക്രമണം രൂക്ഷമാണ്. 5014 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ പ്രാധാന്യം നൽകുന്ന മലയാളം പത്രങ്ങൾ ഇതൊന്നും അറിഞ്ഞിട്ടേയില്ല!
പീഡകരുടെ പട്ടികയിൽ ചൈന പതിനാറാം സ്ഥാനത്തുള്ളപ്പോഴാണ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സംഘപരിവാർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഛത്തീസ്ഗഡിൽ നടന്നത്. ആയിരക്കണക്കിനു ക്രൈസ്തവർ തങ്ങളുടെ വീടുകളിൽനിന്നു തല്ലിയോടിക്കപ്പട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. നാരായൺപുരിൽ കത്തോലിക്കാ ദേവാലയവും കോൺവെന്റും സ്കൂളുമൊക്കെ ആക്രമിച്ചു.
കരയുന്ന പൗരന്മാർക്കു മുന്നിൽ നിസംഗതയോടെ നിൽക്കുന്ന ഭരണകൂടങ്ങൾ ഛത്തീസ്ഗഡിലെയും കാഴ്ചയായി. 2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരേ 302 ആക്രമണങ്ങൾ ഉണ്ടായതായി ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും ചേർന്നു സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചു. 2021ൽ 505 ആക്രമണങ്ങൾ നടന്നു. കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഇതു ഹെൽപ് ലൈൻ നന്പരിലൂടെ സമാഹരിച്ച കണക്കാണെന്നു പറഞ്ഞു നിസാരവത്കരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആദ്യമേ ഉണ്ടായത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ഇരകളെ ഉൾപ്പെടെ ഫോണിൽ വിളിച്ച് ഉറപ്പാക്കി തയാറാക്കിയ റിപ്പോർട്ടിലാണ് സർക്കാരിനു സംശയം.
രാജ്യപുരോഗതിക്കു കനപ്പെട്ട സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണു പ്രതിഫലമെന്നു കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല തന്നെ വ്യക്തമാക്കുകയുണ്ടായി. ക്രൈസ്തവർ മതപരിവർത്തനത്തിനു ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോൽക്കത്തയിൽ സംഘടിപ്പിച്ച സമാധാനറാലിയിലാണ് അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസ സേവനമേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവസമൂഹത്തിനു ലഭിക്കുന്നില്ല.
രാജ്യത്തെല്ലായിടത്തും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മഹാത്മാഗാന്ധി മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ ഇത്തരം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്. ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സംഭാവനകൾ വേറെയും. എന്നിട്ടും മതം മാറ്റുന്നവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. രാജ്യത്തിനു ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാൻ സമാധാനറാലികൾ രാജ്യമെന്പാടും നടത്തണമെന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി. എന്നാൽ ഇക്കാര്യം തന്റെ സഹമന്ത്രിമാരെയും പാർട്ടി നേതാക്കളെയും ബോധ്യപ്പെടുത്തുന്നതിൽ പശ്ചിമബംഗാൾ സ്വദേശിയായ ജോൺ ബാർല എത്രമാത്രം വിജയിക്കുന്നു എന്നതിൽ സംശയമുണ്ട്.
ഇന്ത്യയിൽ ക്രൈസ്തവർക്കെതിരേ ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്ന യുപിയിൽ ഉൾപ്പെടെ മിക്കവാറും പ്രതിസ്ഥാനത്തുള്ള സംഘപരിവാർ സംഘടനകൾക്ക് അനുകൂല നിലപാടാണ് ബിജെപി സർക്കാരുകൾ കോടതികളിൽ ഉൾപ്പെടെ സ്വീകരിച്ചുവരുന്നത്. ക്രൈസ്തവർക്കെതിരേയുള്ള പീഡനങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയുമൊക്കെ കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളുമൊക്കെ കൊടുക്കുന്ന മറുപടിയെ അടിസ്ഥാനമാക്കി മാത്രമേ സുപ്രീംകോടതിക്കു വിധി പറയാനാകൂ. സർക്കാരുകൾ ഇരകൾക്കൊപ്പമല്ലെങ്കിൽ ധർമസംസ്ഥാപനം അത്യന്തം ദുഷ്കരമോ അസാധ്യമോ ആയേക്കാം. മതഭ്രാന്ത് നാടുവാഴുന്പോൾ സർക്കാരുകളും പൗരന്മാരും നിശബ്ദരാകരുത്. തീവ്രവാദികളുടെ നിയന്ത്രണത്തിലായ ഇസ്ലാമിക രാഷ്ട്രങ്ങളെപ്പോലെ ചിന്തിക്കാൻ ഇന്ത്യക്കാവില്ലെന്നു കരുതാം.