ഷിക്കാഗോ കലാക്ഷേത്ര കലോത്സവം: അഭിഷേക് കലാപ്രതിഭ, സ്വാതിയും ഷാനറ്റും കലാതിലകം
Saturday, March 17, 2018 9:44 PM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്ര മാർച്ച് 10 ന് സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ കലോത്സവം സംഘടിപ്പിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രശസ്തരായ വിധികർത്താക്കളുടെയും സഹൃദയ സമൂഹത്തിന്‍റെയും സാന്നിധ്യത്തിൽ ഷിക്കാഗോലാൻഡിൽ ഉള്ള കുട്ടികൾക്കും യുവജനങ്ങൾക്കും അവരുടെ സർഗസാധന പ്രദർശിപ്പിക്കാനുള്ള ഒരു അസുലഭ അവസരമായിരുന്നു കലോത്സവം സമ്മാനിച്ചത്.

നാലു വേദികളിലായി അഞ്ഞൂറിൽ അധികം മത്സരാർഥികൾ വിവിധ ഇനങ്ങളിലായി മത്സരിച്ചു. അഭിഷേക് ബിജു കലാപ്രതിഭ ആയും സ്വാതി അജികുമാറും ഷാനറ്റ് ഇല്ലിക്കലും കലാതിലകമായും റൈസിംഗ് സ്റ്റാർ ആയി റേച്ചൽ വർഗീസും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ആറു വർഷത്തോളമായി വൈവിധ്യമാർന്ന സാംസ്കാരിക ഉത്സവങ്ങളും കേരളത്തിന്‍റെ തനതു ആഘോഷങ്ങളും ശാസ്ത്രീയമായി പഞ്ചവാദ്യവും തായന്പകയും അവതരിപ്പിച്ചു വടക്കേ അമേരിക്കയിലെന്പാടുമുള്ള മലയാളി സമൂഹത്തിന്‍റെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള ഷിക്കാഗോ കലാക്ഷേത്രയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലോത്സവം 2018 ഒരു വൻ വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാ കലാ പ്രേമികൾക്കും വോളന്‍റിയർ ടീമിനും കലാക്ഷേത്ര ബോർഡ് ഓഫ് ഡയറക്ടേഴ്സിനുവേണ്ടി പ്രസിഡന്‍റ് അജികുമാർ ഭാസ്കരനും സെക്രട്ടറി ശ്രീജിത്ത് നായരും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം