ഡാളസ് സെന്റ് മേരീസ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷം സമാപിച്ചു
Thursday, August 13, 2015 6:25 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് മേരീസ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷം സമാപിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹീത നേതൃത്വത്തിലും മെത്രാപ്പോലീത്താമാരുടെ മഹനീയ സാന്നിധ്യത്തിലും നടന്ന സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ ഭക്തി നിര്‍ഭരവും ആത്മനിറവുമുളളതുമായിരുന്നു.

ഓഗസ്റ് എട്ടിനു (ശനി) രാലെ 9.30നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മെത്രാപ്പോലീത്തമാരും കോര്‍ എപ്പിസ്കോപ്പാമാരും വൈദിക ശ്രേഷ്ഠരും സഹകാര്‍മികത്വം വഹിച്ചു. വിവിധ ദേവാലയങ്ങളില്‍നിന്നായി നൂറു കണക്കിനു വിശ്വാസികളും ആരാധനയില്‍ സംബന്ധിച്ചു. കോപ്റ്റിക്, അര്‍മീനിയന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭകളിലെയും ഡാളസ് മേഖലയിലെ മറ്റു എക്യുമിനിക്കല്‍ ചര്‍ച്ചുകളിലേയും വൈദികരും ഒട്ടേറെ പ്രതിനിധികളും ആരാധനയില്‍ പങ്കു ചേര്‍ന്നു.

തുടര്‍ന്നു പാത്രിയര്‍ക്കീസ് ബാവ നടത്തിയ അനുഗ്രഹീത പ്രഭാഷണത്തില്‍ ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുദേവന്റെ അരുമശിഷ്യരായ നാം സഹിഷ്ണതയുളളവരായിരിക്കണമെന്നും ലോകത്തിനു മുഴുവന്‍ നന്മയുടെയും സ്നേഹത്തിന്റേയും ഉത്തമ മാതൃക കാട്ടി കൊടുത്ത ആ ക്രിസ്തുവിനെയാണു നാം ആരാധിക്കുന്നതെന്നും അതിനാല്‍ ക്രൈസ്തവമൂല്യം ഉയര്‍ത്തിക്കാട്ടി സമൂഹത്തിനു മുഴുവന്‍ മാതൃകയായി ജീവിക്കുവാന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. 'സഭാ സമാധാനം' എന്നത് എന്റെ ആഗ്രഹമാണെന്നും അതി വിദൂരമല്ലാത്ത ഭാവിയില്‍ അത് സായത്തമാകുമെന്നാണു തന്റെ പ്രതീക്ഷയെന്നും അതിനായി ശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്നും ബാവ സൂചിപ്പിച്ചു.

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കര്‍മവും ബാവാ നിര്‍വഹിച്ചു. സെന്റ് മേരീസ് പളളിയുടെ സ്ഥാപക വൈദികനായ റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പാ, റവ. ജോസഫ് സി. ജോസഫ് കോര്‍ എപ്പിസ്ക്കോപ്പാ, ഇപ്പോഴത്തെ വികാരി ഫാ. പോള്‍ തോട്ടക്കാട്ട് എന്നിവരെയും പളളിയുടെ സ്ഥാപക കുടുംബാംഗങ്ങളേയും ചടങ്ങില്‍ ആദരിച്ചു. വികാരി ഫാ. പോള്‍ തോട്ടക്കാട് നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ രണ്ട് ദിവസം നീണ്ടു നിന്ന ജൂബിലയാഘോഷങ്ങള്‍ക്കു സമാപനമായി.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍