അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനവ്
Saturday, May 9, 2015 5:39 AM IST
വാഷിംഗ്ടണ്‍: വിദേശങ്ങളില്‍ കഴിയുന്ന അമേരിക്കന്‍ പൌരന്മാരില്‍ അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2014ല്‍ 3,400 ലധികം അമേരിക്കന്‍ പൌരന്മരാണ് ഉപേക്ഷിച്ചതെങ്കില്‍ 2015 ആദ്യമാസങ്ങളില്‍ തന്നെ പൌരത്വം ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്ളുംബെര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആറു മില്യണ്‍ അമേരിക്കന്‍ പൌരന്മാരാണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്.

വിദേശങ്ങളില്‍ കഴിയുന്ന പൌരന്മാര്‍ തങ്ങളുടെ സാമ്പത്തിക ശ്രോതസുകള്‍ ഉള്‍ പ്പെടെ എല്ലാ വിവരങ്ങളും കൃത്യമായി ഐആര്‍എസിനെ ബോധിപ്പിക്കേണ്ടി വരുന്നതും ടാക്സ് റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്െടങ്കില്‍ കണ്ടു പിടിച്ചാലുണ്ടാകുന്ന വലിയ പിഴയും ശിക്ഷയും ഒഴിവാക്കുക എന്ന ലക്ഷ്യവുമാണ് പൌരത്വം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ.

പൌരത്വം ഉപേക്ഷിച്ച പ്രമുഖരില്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു ഇപ്പോള്‍ ലണ്ടന്‍ മേയറായിരിക്കുന്ന ബോറിസ് ജോണ്‍സന്‍, ബ്രസീലില്‍നിന്നും കുടിയേറി അമേരിക്കന്‍ പൌരനായി തന്നെ ഫെയ്സ് ബുക്കു കോ-ഫൌണ്ടര്‍ എഡ്വേര്‍ഡ് ബേവറിന്‍ എന്നിവരും ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍