കാസില്‍ ഹില്‍ കമ്യൂണിറ്റിയില്‍ വ്യത്യസ്തയാര്‍ന്ന ഓണാഘോഷം
Thursday, October 16, 2014 4:11 AM IST
ഡാളസ് : കാരള്‍ട്ടന്‍ കാസില്‍ ഹില്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വ്യത്യസ്തയാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. സംഘടനാ ഓണാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷങ്ങള്‍ക്ക് സമാനമായിരുന്നു ആഘോഷങ്ങള്‍. ശനിയും ഞായറും അവധി ദിനങ്ങളില്‍ ആഴ്ചകളോളം നീണ്ട ഓണ മല്‍സരങ്ങള്‍ പ്രത്യേകതകളായി. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പങ്കെടുപ്പിക്കനായതും സവിഷേതയായി.

കായിക മത്സരങ്ങളില്‍ വനിതകളുടെ പങ്കാളിത്തം ഇത്തവണ ശ്രദ്ധേയമായി . വനിതകള്‍ക്കു മാത്രമായി ടെന്നിക്കോട്ട് , സോഫ്റ്റ് ബോള്‍, ബാഡ്മിന്റണ്‍, കബഡി തുടങ്ങിയവ സംഘടിപ്പിച്ചിച്ചു.

പുരുഷന്മാരുടെ വോളിബോള്‍ മത്സരങ്ങള്‍ മറ്റൊരു പുതുമ ആയിരുന്നു. മുന്‍ വര്‍ഷങ്ങളിലെന്നപോലെ വടംവലി , ബാഡ്മിന്റണ്‍ മത്സരങ്ങളും കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി നടന്നു. ഭാര്യഭര്‍ത്താക്കന്മാര്‍ക്കു മാത്രമായി ഒരുക്കിയ വിനോദ മത്സരങ്ങള്‍ പലപ്പോഴും ചിരിയുടെ മാലപ്പടക്കത്തിനു തന്നെ വഴി തെളിച്ചു. കായിക പ്രാധാന്യം നല്കി നടന്ന ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ 40ഓളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

പരസ്പര സൌഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഐക്യത്തിനും കളമൊരുക്കി ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണു ഇത്തവണ ഓണാഘോഷങ്ങളുടെ സമാപനങ്ങള്‍ നടന്നത്. സമാപനമായ ഒക്ടോബര്‍ നാലാം തിയതി കാരള്‍ട്ടന്‍ സെന്റ്. മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കാസില്‍ ഹില്ലിലെ അമ്മമാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനാഗാനത്തിനും ദേശീയ ഗാനആലാപനത്തിനും ശേഷം വര്‍ണ്ണാഭമായ സ്റ്റേജ് പരിപാടികള്‍ അരങ്ങേറി.

താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്കു ആനയിച്ചു. ഒപ്പം അനുഗമിച്ച പുലികളി സംഘം പുതിയ തലമുറയിലെ കുട്ടികള്ക്ക് നവ്യാനുഭവം സമ്മാനിച്ചു. കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ടു വനിതകള്‍ അവതരിപ്പിച്ച തിരുവാതിരയും മനോഹരമായി.

പരിപാടികള്‍ക്ക് ശേഷം കലാ കായിക മത്സരങ്ങളുടെ സമ്മാനദാനവും ഓണസദ്യയും ചടങ്ങില്‍ നടന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു സംഘടനയോ, ഭാരവാഹികളോ ഇല്ല എന്നതായിരുന്നു കാസില്‍ഹില്‍ കമ്യൂണിറ്റി ഓണാഘോഷങ്ങളെ വ്യത്യസ്തമാക്കിയത് . കമ്മ്യൂണിറ്റിയിലെ എല്ലാവരും ജാതിമത വര്‍ഗ്ഗവര്‍ണ്ണഭേദമന്യേ ഒറ്റക്കെട്ടായി നിന്നു ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ച കൊണ്ടതു മാത്രമാണു പരിപാടികള്‍ വിജയിച്ചതെന്ന് കോഓര്‍ഡിനേറ്റര്‍ ജെജു ജോസഫ് പറഞ്ഞു. ജെജു ജോസഫ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍