ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഫൊറോന പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
Wednesday, April 9, 2014 5:53 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കത്തലിക് ഇടവക രൂപം കൊണ്ടതിന്റെ ദശവത്സരാഘോഷത്തിന് പ്രശസ്ത ധ്യാനഗുരുവും മാണ്ഡ്യാ രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് തിരി തെളിച്ചു. ഒരു വര്‍ഷം തുടരുന്ന ദശവത്സരാഘോഷത്തിന്റെ പ്രാരംഭ പ്രാര്‍ഥനകള്‍ക്കും ദിവ്യബലിക്കും മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യ കാര്‍മികനായി. ഫൊറോന വികാരി ഫാ.ജോണിക്കുട്ടി പുലിശേരി സഹ കാര്‍മികനായി.

ദശവത്സരാഘോഷങ്ങളില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കുന്നത് ആത്മീയ ശുശ്രൂഷകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. യുവജനങ്ങളുടെയും കുട്ടികളുടെയും സ്വഭാവരൂപീകരണത്തിനും കരുത്തുറ്റ ആത്മീയതക്കും സഹായകമായ കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു പ്രാബല്യത്തിലാക്കുമെന്ന് വികാരി ഫാ. ജോണികുട്ടി പുലിശേരി പറഞ്ഞു.

വിശ്വാസി സമൂഹം, പരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഗായക സംഘം, അള്‍ത്താരാ ശുശ്രൂഷകര്‍, മരിയന്‍ മദേഴ്സ് അംഗങ്ങള്‍, വിന്‍സന്റ് ഡി. പോള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, എസ്എംസിസി പ്രവര്‍ത്തകര്‍, സീറോ മലബാര്‍ കാത്തലിക് യൂത്ത് ലീഗ് മെംബെഴ്സ്, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും കൈക്കാരന്മാര്‍ എന്നിങ്ങനെ വിവിധ ഇടവകപ്രവര്‍ത്തന ശാഖകള്‍ ആഘോഷത്തില്‍ സജീവമായി പങ്കെടുത്തു. മുഖ്യ ട്രസ്റി ബിജി ജോസഫ്, ട്രസ്റി വിന്‍സന്റ് ഇമ്മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആദ്യ വികാരി ഫാ. ക്രിസ്റി പറമ്പു കാട്ടിലിന്റെയും മുന്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെയും ഫിലാഡല്‍ഫിയയിലെ മുന്‍ വികാരിയും ഇപ്പോഴത്തെ വികാരി ജനറാളുമായ റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപറമ്പിലിന്റെയും മിഷന്‍ ഡയറക്ടര്‍മാരായിരുന്ന സിഎംഐ വൈദീകരുടെയും സേവനത്തെ ഫിലാഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നന്ദിയോടെ ഓര്‍ക്കുന്നു.

1988 മേയ് രണ്ടിനാണ് ഫിലഡല്‍ഫിയ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം മിഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2005 ജനുവരി 19ന് ഫിലാഡല്‍ഫിയയിലെ വെല്‍ഷ് റോഡിലുള്ള യഹൂദ സിനഗോഗ് വാങ്ങി സീറോ മലബാര്‍ ദേവാലയമാക്കിയ പരിണാമം കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യാനുഭവമായിരുന്നു.

2005 മാര്‍ച്ച് 19ന് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക എന്ന ഉയര്‍ച്ചയിലേക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഈ സമൂഹത്തെ പദവിപ്പെടുത്തി കൂദാശ ചെയ്തു. നാനൂറോളം കുടുംബങ്ങളും ഒമ്പത് വാര്‍ഡുകളും ഫിലാഡല്‍ഫിയ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയ സമൂഹത്തിനു സ്വന്തം.

2014 ഏപ്രില്‍ ഒന്നിന് ഫിലാഡല്‍ഫിയ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിനെ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫൊറോന എന്ന നിലയിലേക്ക് ഉയര്‍ത്തി. സൌത്ത് ജേഴ്സിയിലെ സെന്റ് ജൂഡ് ഡെലവേറിലെ ഹോളി ട്രിനിറ്റി, ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ, വാഷിംഗ്ടണ്‍ ഡിസിയിലെ ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ്, നോര്‍ത്ത് വെര്‍ജീനിയയിലെ സെന്റ് ജൂഡ്, റിച്ച്മോണ്ടിലെ സെന്റ് അല്‍ഫോന്‍സാ, ഹാരിസ്ബര്‍ഗിലെ സെന്റ് ജോസഫ്, പിറ്റ്സ്ബര്‍ഗിലെ സെന്റ് മേരീസ് എന്നീ സീറോ മലബാര്‍ മിഷനുകളാണ് ഫിലാഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനായില്‍ ഉള്‍പ്പെടുക.

ജൂലൈയില്‍ നടക്കുന്ന ഇടവകത്തിരുനാള്‍ ഫിലാഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലയത്തിന്റെ ആദ്യ തിരുനാളെന്ന നിലയിലും ദശ വാര്‍ഷിക ആഘോഷ വര്‍ഷത്തിലെ പെരുന്നാള്‍ എന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നു.

ലോക ചരിത്രത്തില്‍ ഒരു യഹൂദ ദേവാലയം കത്തോലിക്കാപ്പള്ളിയായി രൂപാന്തരപ്പെട്ട സംഭവം ഇതിനു മുമ്പുണ്ടായിട്ടുണ്േടാ എന്ന് അറിയില്ല. അതെന്തായാലും ഒന്നുറപ്പിക്കാം: സീറോ മലബാര്‍ കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യാനുഭവമാണ് ഫിലാഡല്‍ഫിയയില്‍ നടന്നത്. ആരാധനക്കിടം തേടി, ഇംഗ്ളീഷ് പള്ളികളുടെ ദയവും നേടി, സഹായക സാമഗ്രികളും മൈക്ക് സെറ്റും ചുമന്ന്; എണ്ണാവുന്നതിലധികം പള്ളികള്‍ മാറി മാറി നടന്നിരുന്ന പ്രവാസജീവിതത്തിന്റെ മേല്‍വിലാസനിറവില്‍ നിന്ന് ആരാധനാ സമൂഹത്തിന് ഉയര്‍ത്തെഴുന്നേല്‍പ്പിനും ദൈവാശ്രയ ബോധം സജീവമാക്കുന്നതിനും ദേവാലയലബ്ധിയും കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ആത്മീയാനുഭവങ്ങളും കാരണമായിട്ടുണ്ട്. കേരളത്തനിമ പുലര്‍ത്തുന്ന പള്ളിയില്‍ വരുമ്പോള്‍ ഒരു തൃപ്തിയുണ്ട്. നമ്മുടേതാണെന്ന സന്തോഷമുണ്ട്. സ്വാതന്ത്യ്രമുണ്ട്. പ്രാര്‍ഥിക്കുന്നതിന് ഒരു തീക്ഷ്ണതയുണ്ട്. നാടിന്റേതായ അന്തരീക്ഷമുണ്ട്. ശീലമാക്കിയ കുര്‍ബാനയുടെയും പ്രാര്‍ഥനയുടെയും ഈണം നിറഞ്ഞു നില്‍ക്കുന്ന ഭക്തിയുണ്ട്.

കേരള ക്രിസ്ത്യാനികളുടെ വസ്ത്രമണിഞ്ഞും ചട്ടയും മുണ്ടുമുടുത്തും പള്ളിയില്‍ വരുന്നതിന് അഭിമാനനിറവു തോന്നിക്കാത്ത അവകാശമുണ്ട്. മലയാളി കളായ അച്ചന്മാരുടെ കുര്‍ബാനയും പ്രസംഗങ്ങളും പാട്ടുകളും കേള്‍ക്കാനും അറിയാനും അവസരം കിട്ടുന്നു. മലയാളി കുഞ്ഞുങ്ങള്‍ക്ക് സ്വന്തം പാരമ്പര്യങ്ങള്‍ തൊട്ടറിയാന്‍ സാധ്യതയേറുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍