വയനാട് കളക്ടറേറ്റിന്റെ പടിവാതിലിലെ സമരക്കുടിലിൽ എല്ലാ ദിവസവും ജയിംസ് ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഗ്ദാനങ്ങൾ കിട്ടിയ (വാഗ്ദാനങ്ങൾ മാത്രം) കുടുംബത്തിലെ അംഗം... ബന്ദിനും ഹർത്താലിനും മഴയ്ക്കും വെയിലിനും എന്തിന് എല്ലാവരെയും ബന്ധനസ്ഥരാക്കിയ കോവിഡ് മഹാമാരിക്കുപോലും ഈ പോരാട്ടത്തെ തളർത്താനായില്ല. അടുത്ത ഓഗസ്റ്റ് ആകുന്പോൾ സമരത്തിന്റെ തെരുവിലേക്ക് ഈ കുടുംബം വലിച്ചെറിയപ്പെട്ടിട്ട് പത്തു വർഷം തികയും, ഇവർ നേരിടുന്ന കൊടിയ അനീതിക്ക് 48 വർഷവും. റിപ്പബ്ലിക് ദിനത്തിൽ വായിക്കാം, ഭരണകൂട അനീതിയുടെ കഥ.
രാവിലെ നമ്മളിൽ പലരും ഉണരുന്നത് കിളികളുടെ കലപില ശബ്ദവും ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദവുമൊക്കെ കേട്ടായിരിക്കണം. എന്നാൽ, കഴിഞ്ഞ പത്തു വർഷമായി വാഹനങ്ങളുടെ ഇരന്പലും നഗരത്തിന്റെ ബഹളവും കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരാളുണ്ട്. ഒരു പതിറ്റാണ്ടോളമായി അദ്ദേഹം കേൾക്കുന്ന താരാട്ട് തെരുവിന്റെ ഇരന്പലും കോലാഹലങ്ങളുമാണ്. എത്രയോ ഓണവും ക്രിസ്മസും ഈസ്റ്ററുമൊക്കെ കടന്നുപോയി. ഇനിയുമെത്ര കടന്നുപോകുമെന്നു നിശ്ചയവുമില്ല. എങ്കിലും നീതി കിട്ടാതെ മടക്കമില്ലെന്ന നിശ്ചയദാർഢ്യമാണ് ഈ സമരജീവിതത്തിന്റെ ഇന്ധനം.
ഗതികേടിന്റെ ഈ തെരുവോരത്ത് അധികൃതരുടെ കണ്ണുതുറക്കാൻ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ ജോർജിന്റെ മകൾ ട്രീസയും കുടുംബവും 2015 ഓഗസ്റ്റ് 15ന് വയനാട് കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന് അടുത്ത ഓഗസ്റ്റിൽ ഒരു പതിറ്റാണ്ട് തികയും. ട്രീസയുടെ ഭർത്താവ് ജയിംസ് ആണ് എപ്പോഴും സമരപന്തലിൽ ഉള്ളത്. ട്രീസയും രണ്ടു മക്കളും വാടകവീട്ടിൽ കഴിയുകയാണ്. ഇടയ്ക്ക് അവരും സമരപ്പന്തലിൽ വരും.
ബന്ദിനും ഹർത്താലിനും മഴയ്ക്കും വെയിലിനും എന്തിന് എല്ലാവരെയും ബന്ധനസ്ഥരാക്കിയ കോവിഡ് മഹാമാരിക്കുപോലും ഈ പോരാട്ടത്തെ തളർത്താനായില്ല. അധികൃതരുടെ കൊടുംഅനീതിയുടെ നീരാളിക്കൈകളാണ് ഈ മനുഷ്യനെയും കുടുംബത്തെയും തെരുവിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ വാഗ്ദാനം കിട്ടിയ എന്നാൽ, ഒന്നും നടപ്പാക്കിക്കിട്ടാത്ത കുടുംബം കൂടിയായിരിക്കും കാഞ്ഞിരത്തിനാൽ. കേട്ടാൽ ആർക്കും ധാർമികരോഷം തിളയ്ക്കുന്ന കഥ.
വാടകമുറിയിലെ മരണം
2009 നവംബർ രണ്ടിന് വയനാട് കോറോത്തെ വാടകമുറിയിലായിരുന്നു കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭാര്യ ഏലിക്കുട്ടിയുടെ വിയോഗം. 2012 ഡിസംബർ 13ന് മാനന്തവാടിക്കടുത്തു വൃദ്ധസദന ത്തിലായിരുന്നു ജോർജിന്റെ അന്ത്യനിദ്ര.
ഇങ്ങനെ അനാഥരെപ്പോലെ മരിക്കേണ്ടവരായിരുന്നില്ല ഈ ദന്പതികൾ. വിലയ്ക്കു വാങ്ങി അത്യധ്വാനത്തിലൂടെ പൊന്നുവിളയിച്ച മണ്ണ് ആരൊക്കെയോ ഉൾപ്പെട്ട ഗൂഢാലോചനയുടെ ഫലമായി വനം വകുപ്പ് ദയയില്ലാതെ തട്ടിയെടുത്തതാണ് ജോർജിനെയും കുടുംബത്തെയും ദാരുണാനുഭവത്തിലേക്കു നയിച്ചത്.
ഉദ്യോഗസ്ഥവൃന്ദം പിടിച്ചുപറിച്ച മണ്ണ് തിരിച്ചുപിടിക്കാൻ മൂന്നു പതിറ്റാണ്ടിലേറെയാണ് ജോർജും ഭാര്യ ഏലിക്കുട്ടിയും പോരാടിയത്. വനംവകുപ്പ് തുന്നിയെടുത്ത നൂലാമാലകളിൽപ്പെട്ടു സർവ സന്പത്തും നഷ്ടമായ ഈ ദന്പതികളും കുടുംബവും സർക്കാർ ഒാഫീസുകളും കോടതികളും കയറിയിറങ്ങുന്പോൾ ഇതു കണ്ടു ക്രൂരമായ ആനന്ദത്തോടെ രസിക്കുകയായിരുന്നു ഉദ്യോഗസ്ഥർ.
പരിസ്ഥിതിസ്നേഹികളുടെ വേഷമണിഞ്ഞ ചില സംഘടനകൾകൂടി രംഗത്തുവന്നതോടെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ജീവിതം നരകമായി മാറി. ഉണ്ടായിരുന്ന സന്പാദ്യമെല്ലാം കേസിനും മറ്റുമായി ചെലവഴിച്ചു. നീതി കിട്ടാതെ അവർ മരിച്ചു. എന്നാൽ, നീതിക്കു വേണ്ടിയുള്ള യുദ്ധം ഒരു നാൾ ജയിക്കുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ ജോർജിന്റെ അവകാശികൾ ആ സമരം ഏറ്റെടുത്തു.
കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു വനംവകുപ്പ് പിടിച്ചെടുത്തത് ജന്മാവകാശമുള്ള കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന രേഖകൾ മേശപ്പുറത്ത് ഉണ്ടായിട്ടും പിശക് തിരുത്താനോ നീതി നൽകാനോ ഭരണാധികാരികൾ സന്നദ്ധരാവുന്നില്ല എന്നത് ഒരു ജനാധിപത്യ രാജ്യത്തെ കറുത്ത ഏട്.
അന്നു വാങ്ങിയ ഭൂമി
കോട്ടയം കാഞ്ഞിരപ്പള്ളി തന്പലക്കാട് കാഞ്ഞിരത്തിനാൽ ജോസാണ് 1967ൽ കാഞ്ഞിരങ്ങാട് വില്ലേജിൽ (പഴയ തൊണ്ടർനാട് വില്ലേജ്) സർവേ നന്പർ 238/1ൽപ്പെട്ട 12 ഏക്കർ ഭൂമി കുട്ടനാടൻ കാർഡമം കന്പനിയിൽനിന്നു വിലയ്ക്കു വാങ്ങിയത്.
മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ 2717 നന്പർ പ്രകാരമാണ് വസ്തു ആധാരം ചെയ്തത്. ഇതിൽ ആറ് ഏക്കർ 1972 സെപ്റ്റംബർ നാലിന് ജോസ് ജ്യേഷ്ഠൻ ജോർജിനു ദാനധാരം ചെയ്തു നൽകി.ജോർജ്, ജോസ് സഹോദരങ്ങൾ നികുതിയടച്ചു കൈവശംവച്ചു കൃഷി നടത്തിയിരുന്ന ഭൂമി 1976ലാണ് വനം വകുപ്പ് പിടിച്ചെടുത്തത്.
1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമം ഉപയോഗിച്ചായിരുന്നു ഈ ക്രൂരത. ഭൂമി പിടിച്ചെടുത്തതിനെതിരേ ജോർജ്, ജോസ് സഹോദരങ്ങൾ കോഴിക്കോട് വനം ട്രൈബ്യൂണലിൽ ഫയൽ ചെയ്ത കേസിൽ 1978 നവംബർ ആറിന് പിടിച്ചെടുത്തത് വനഭൂമിയല്ലെന്നു വിധിവന്നു. ഇതോടെ വനംവകുപ്പിനു പകയേറി. അപ്പീലുമായി അവർ ഹൈക്കോടതിയിലേക്ക്.
ഹൈക്കോടതിയിൽ ആൾമാറാട്ടം
കേസ് പരിഗണിച്ച ഹൈക്കോടതി ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി. കേസ് പുനഃപരിശോധിക്കാൻ തിരിച്ചയച്ചു. വനം വകുപ്പ് പിടിച്ചെടുത്തത് വനമായി വിജ്ഞാപനം ചെയ്ത ഭൂമിയാണോയെന്നു ഹൈ ക്കോടതി പരിശോധിച്ചിരുന്നില്ല. പുനഃപരിശോധിച്ച ട്രൈബ്യൂണൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശമുള്ള 12 ഏക്കർ എംപിപിഎഫ് നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉത്തരവിട്ടു.
ജോസിന്റെയും ജോർജിന്റെയും ആധാരങ്ങൾ റദ്ദുചെയ്തു. 1971ലെ നിയമപ്രകാരം നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെടുന്നതാണ് പിടിച്ചെടുത്ത സ്ഥലമെന്നു വനം വകുപ്പ് തെറ്റിദ്ധരിപ്പിച്ചതാണ് ഈ നടപടിക്കു കാരണമായത്. ഈ ഉത്തരവിനെതിരേ ജോർജിന്റെയും ജോസിന്റെയും പേരിൽ ഹൈക്കോടതിയിൽ ഒരു അപ്പീൽ വന്നു. എന്നാൽ, ജോർജും ജോസും അറിയാതെയായിരുന്നു ഈ ഹർജി.
ശരിക്കും ഒരു ചതി. ഇവർ അപ്പീൽ പോകാൻ സാധ്യതയുണ്ടെന്നതു മുൻകൂട്ടി കണ്ടുള്ള കളി. വനം വകുപ്പിനു വേണ്ടി ഹാജരായ അതേ അഭിഭാഷകനാണ് ജോർജ്- ജോസ് സഹോദരങ്ങളുടെ പേരിൽ ഹർജി ഫയൽ ചെയ്തത് എന്നതിൽതന്നെ എല്ലാമുണ്ട്. ഈ കേസിൽ ആദ്യ ഹിയറിംഗിൽ അഭിഭാഷകൻ ഹാജരാകാത്തതിനെത്തുടർന്ന് ഇവർക്കെതിരേ എക്സ് പാർട്ടി വിധിയുണ്ടായി.
ഭൂമിക്കേസിൽ ആൾമാറാട്ടം നടന്നെന്നതിൽ പരിശോധന ആവശ്യമാണെന്ന് മുൻ കളക്ടർ ലാൻഡ് റവന്യൂ കമ്മീഷണർ മുഖേന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല.
ഭൂമി പതിച്ചു കൊടുത്തപ്പോൾ
2006 ഒക്ടോബർ 11ന് മന്ത്രിസഭായോഗം കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കർ ജോസ്, ജോർജ് സഹോദരങ്ങൾക്കു പതിച്ചുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അതും നൂലാമാലകളിൽ കുരുങ്ങി. പതിച്ചുകൊടുക്കുന്നതിനെതിരേ വനം വകുപ്പ് ജില്ലാ കളക്ടർക്കു കത്തു നൽകി.
ഇതിനിടെ, എക്സ് പാർട്ടി വിധി അറിയാതെ കാഞ്ഞിരത്തിനാൽ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ജോർജ് കൈയേറ്റക്കാരനല്ലെന്നും ഉടമസ്ഥനാണെന്നും നിരീക്ഷിച്ച് ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ സർക്കാരിനു നിർദേശം നൽകി. ഇതു നടപ്പാകാതെ വന്നപ്പോൾ ജോർജ് വീണ്ടും കോടതിയെ സമീപിച്ചു.
1998 ഒക്ടോബർ 22ന് റവന്യു-വനം വകുപ്പിന്റെ ജോയിന്റ് വെരിഫിക്കേഷൻ നടന്നു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമിയുടെ മൂന്നു വശവും നിക്ഷിപ്ത വനമാണെന്നു വെരിഫിക്കേഷനിൽ കണ്ടെത്തി. നിയമക്കുരുക്കുകളിൽനിന്നു ഭൂമി രക്ഷിച്ചെടുക്കാൻ വഴി തെളിയുകയാണെന്നു തോന്നിയ നിമിഷമാണ് മറ്റൊരു കൂട്ടരുടെ രംഗപ്രവേശം.
മറഞ്ഞിരുന്നവർ രംഗത്ത്
കാഞ്ഞിരത്തിനാൽ സഹോദരൻമാരിൽനിന്നു നികുതി സ്വീകരിക്കാൻ 2007 നവംബറിൽ സർക്കാർ ഉത്തരവായി. ഇവർ 2007 നവംബർ 24ന് കാഞ്ഞിരങ്ങാട് വില്ലേജിൽ ഭൂ നികുതി അടച്ചു. കൃഷിയിറക്കാൻ ഭൂമി ഒരുക്കിത്തുടങ്ങിയപ്പോൾ കർട്ടനു പിന്നിൽ മറഞ്ഞിരുന്ന മറ്റൊരു കൂട്ടർ രംഗത്തുവന്നു.
നികുതി സ്വീകരിക്കാനുള്ള ഉത്തരവിനെതിരേ 2008ൽ പരിസ്ഥിതി സംഘടന വണ് എർത്ത് വണ് ലൈഫ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. വനംവകുപ്പ് ഒറ്റയ്ക്കല്ലായിരുന്നെന്നു കുടുംബം തിരിച്ചറിഞ്ഞു. ഹർജി വന്നതിനു പിന്നാലെ വനം ഉദ്യോഗസ്ഥർ കാഞ്ഞിരത്തിനാൽ കുടുംബത്തെ, ഒന്നര പതിറ്റാണ്ടുമുന്പ് ഭൂമിയിൽനിന്ന് ഇറക്കിവിട്ടു.
എക്സ് പാർട്ടി വിധി റദ്ദ് ചെയ്യാൻ കുടുംബം രണ്ടു ഹർജികൾ ഹൈക്കോടതിയിൽ നൽകി. ഇവ പരിഗണിച്ച കോടതി 24 വർഷത്തെ കാലതാമസം മാപ്പാക്കി കേസ് എംഎഫ്ഐ ബെഞ്ചിനു വിട്ടു.
നികുതി സ്വീകരിക്കാൻ ആധാരമായ ഉത്തരവ് റദ്ദു ചെയ്യുന്നില്ലെന്നും ഫോറസ്റ്റ് ട്രിബ്യൂണൽ വിധി നിലനിൽക്കുമെന്നും നിരീക്ഷിച്ചാണ് കോടതി കേസ് തീർപ്പാക്കിയത്. എംഎഫ്എ കേസിൽ വിധി വന്ന ദിവസമായിരുന്നു ജോർജിന്റെ മരണം.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി വിഷയത്തിൽ മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ പി.സി. തോമസ് ഇടപെട്ടിരുന്നു. ദൗർഭാഗ്യവശാൽ അദ്ദേഹം ഹൈക്കോടതിയിൽ ആർപി 311 നന്പറായും പിന്നീട് സുപ്രീം കോടതിയിലും എത്തിച്ചത് എംഎഫ്എ 492/85 നന്പർ കേസാണ്. 2018 മാർച്ച് അഞ്ചിന് തോമസ് കേസ് പിൻവലിച്ചു.
വിഎസ് പറഞ്ഞിട്ടും
ഭൂമി വീണ്ടെടുക്കാൻ ജോർജും ഭാര്യ ഏലിക്കുട്ടിയും 2005 നവംബർ 21 മുതൽ 25 ദിവസം വയനാട് കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ പ്രമുഖർ സമരപ്പന്തൽ സന്ദർശിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് വിഎസ് വാക്കു നൽകി.
ഇക്കാര്യം വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകിയതായി കർഷക സംഘം നേതാക്കൾ അറിയിച്ചതോടെയാണ് ജോർജും ഭാര്യയും സമരം നിർത്തിയത്. പിൽക്കാലത്ത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് വനം വകുപ്പ് കാഞ്ഞിരത്തിനാൽ കുടുംബത്തെ ഭൂമിയിൽനിന്നു ഇറക്കിവിട്ടതെന്നതാണ് വിചിത്രം. സിപിഐ നേതാവ് ബിനോയ് വിശ്വമായിരുന്നു അന്നു വനം മന്ത്രി.
പൊള്ള വാഗ്ദാനങ്ങൾ
നീതി വൈകിയതോടെ ജോർജിന്റെ മകൾ ട്രീസയും കുടുംബവും കളക്ടറേറ്റ് പടിക്കൽ സത്യഗ്രം തുടങ്ങി. തൊട്ടിൽപ്പാലം കട്ടക്കയത്തിൽ ജയിംസാണ് ട്രീസയുടെ ഭർത്താവ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ സമരപ്പന്തൽ സന്ദർശിച്ചു.
ബത്തേരി മുൻ എംഎൽഎയും കർഷകസംഘം നേതാവുമായ പി. കൃഷ്ണപ്രസാദ് ഇവർക്കൊപ്പം ഉണ്ടായിരുന്നു. എൽഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യം പരിഹരിക്കുന്നത് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി പ്രശ്നമാണെന്ന് ഇവർ ഉറപ്പുനൽകി. തെരഞ്ഞെടുപ്പിൽ ശശീന്ദ്രനും കേളുവും ജയിച്ചു. എൽഡിഎഫ് മന്ത്രിസഭ വന്നു. എങ്കിലും ഒന്നും സംഭവിച്ചില്ല.
സത്യമറിയാം, പക്ഷേ...
ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേതാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ട്. 2009 ഓഗസ്റ്റ് 17ന് അന്നത്തെ കോഴിക്കോട് വിജിലൻസ് എസ്പി ശ്രീശുകനും 2016 നവംബർ 17ന് മാനന്തവാടി സബ് കളക്ടർ ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയും സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭൂമിയുടെ ഉടമാവകാശം കാഞ്ഞിരത്തിനാൽ കുടുംബത്തിനാണെന്ന് അടിവരയിടുന്നു.
2019ൽ കെ.ബി. ഗണേഷ്കുമാർ അധ്യക്ഷനായ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിലും വനം വകുപ്പിന് അവകാശം ഇല്ലെന്നു തെളിഞ്ഞു. ഭൂപ്രശ്നം ഒരു മാസത്തിനകം പരിഹരിക്കുമെന്നു പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നു 2021 ജനുവരി 23ന് അന്നത്തെ വയനാട് കളക്ടർ ഡോ.അദീല അബ്ദുള്ള റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും പറയുന്നു.
നീതി നടത്തിക്കൊടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷനും ഒന്നര വർഷം മുന്പ് ഉത്തരവിട്ടു. എല്ലാവരും പറയുന്നുണ്ട് പക്ഷേ, കാര്യം മാത്രം നടക്കുന്നില്ല.
നേതാക്കൾ മറന്ന മട്ട്
തുടക്കത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും യുവജന, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും വലിയ പിന്തുണ ലഭിച്ചിരുന്നു. സുപ്രീം കോടതി അഭിഭാഷൻ പ്രശാന്ത് ഭൂഷണ് ഉൾപ്പെടെ പ്രമുഖരും സമരപ്പന്തലിൽ എത്തി.
എന്നാൽ, നീതി വാങ്ങിക്കൊടുക്കാൻ ആർക്കും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കളക്ടറേറ്റിൽ വന്നെങ്കിലും സമരപ്പന്തലിൽ കയറിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കളക്ടറേറ്റിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സമരപ്പന്തൽ ജില്ലാ ഭരണകൂടം തുണിപ്പന്തൽ കെട്ടി മറച്ചു.
രാജ്യസഭാംഗമായിരിക്കെ സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചിരുന്നു. വിഷയം രാജ്യസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിന്നൊന്നും സംഭവിച്ചില്ല.
നീതിതേടി സുപ്രീം കോടതിയിലേക്കു പോകണമെന്ന ആഗ്രഹം ഇവർക്കുണ്ട്. എന്നാൽ, അതിന് ആൾബലവും സ്വാധീനവും സാന്പത്തികശേഷിയും ഇല്ല. 2016ൽ, ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ റിപ്പോർട്ട് തേടിയിരുന്നു.
തുടർ നടപടി ഉണ്ടായില്ല. ട്രീസയ്ക്കും കുടുംബത്തിനുമൊപ്പം കാഞ്ഞിരങ്ങാട് വില്ലേജിൽ ആറ് ഏക്കർ ഭൂമിയിൽ അവകാശമുള്ള ജോസും ജോർജിന്റെ മറ്റവകാശികളും കാത്തിരിക്കുകയാണ്, നീതി നക്ഷത്രം ഉദിക്കുമോ?.
ടി.എം. ജയിംസ്