ക്‌നാനായം 2022 ഉജ്വല വിജയമായി
Sunday, November 27, 2022 3:48 PM IST
സാബു മുളയാനിക്കുന്നേല്‍
ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ പോഷകസംഘടനയായ യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായം 2022 എന്ന പേരില്‍ നടത്തിയ യുവജനവേദി സംഗമം ഉജ്ജ്വലവിജയമായി സമാപിച്ചു. 

ഹൂസ്റ്റണ്‍ യുവജനവേദിയുടെ ആതിഥേയത്വത്തില്‍ നടത്തിയ ക്‌നാനായം 2022 ന് ഹൂസ്റ്റണ്‍ യുവജനവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ  റ്റോം പുളിക്കയില്‍, സോണിയ പാറശ്ശേരി, ജറി പുളിക്കത്തൊട്ടിയില്‍, അമൃത പാലയ്ക്കപ്പറമ്പില്‍, ആല്‍വിന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒക്‌ടോബര്‍ 28 മുതല്‍ 30- വരെ ഹൂസ്റ്റിന് സമീപമുള്ള കുള്ളന്‍ വൈ.എം.സി.എ. ക്യാമ്പില്‍ വച്ച് നടന്ന ക്‌നാനായം 2022 കെ.സി.സി.എന്‍.എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.

കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരില്‍, ആര്‍.വി.പി. സാബു മുളയാനിക്കുന്നേല്‍, എച്ച്.കെ.സി.എസ്. പ്രസിഡന്‍റ് ജോജോ തറയില്‍, മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് അനി മഠത്തില്‍ത്താഴെ, ഫാ. ജോസ് മണപ്പുറം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

വടക്കേ അമേരിക്കയിലെ വിവിധ യുവജനവേദി യൂണിറ്റുകളില്‍നിന്നായി 250 ല്‍പ്പരം യുവജനങ്ങള്‍ പങ്കെടുത്ത ക്‌നാനായം 2022 വിജ്ഞാനപ്രദമായ സെമിനാറുകള്‍കൊണ്ടും, വിവിധങ്ങളായ മത്സരങ്ങള്‍കൊണ്ടും പങ്കെടുത്ത മുഴുവന്‍ യുവജനങ്ങളുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഇതിനോടനുബന്ധിച്ച നടന്ന ബോളിവുഡ് ഡാന്‍സ് മത്സരത്തില്‍ ഹൂസ്റ്റണ്‍ യൂണിറ്റും, ക്‌നാനായ കപ്പിള്‍ മത്സരത്തില്‍ റ്റാമ്പ യൂണിറ്റ് ജേതാക്കളായി. 

ഹൂസ്റ്റണ്‍ യുവജനവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ യുവജനസംഗമം വന്‍ വിജയമാക്കുവാന്‍ സഹകരിച്ച യുവജനവേദി ഡയറക്‌ടേഴ്‌സായ സ്‌നേഹ മുകളേല്‍, തോമസ് നീറ്റുകാട്ട് അതുപോലെതന്നെ ഹൂസ്റ്റണിലെ മറ്റ് നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സായ വിജയന്‍ നെടുംഞ്ചേരില്‍, ബിന്‍സണ്‍ കിഴക്കേപ്പുറം, ജിമ്മി ചകിരിയാംതടത്തില്‍ എന്നിവരോടും ഈ പരിപാടിയുടെ സ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന എല്ലാ ക്‌നാനായ സമുദായസ്‌നേഹികളോടുമുള്ള യുവജനവേദിയുടെ നന്ദിയും കടപ്പാടും ഹൂസ്റ്റണ്‍ യുവജനവേദിക്കുവേണ്ടി യുവജനവേദി പ്രസിഡന്റ്  റ്റോം പുളിക്കന്‍ നന്ദി രേഖപ്പെടുത്തി.