ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി
Wednesday, September 28, 2022 12:27 PM IST
പി.പി. ചെറിയാന്‍
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ പിക്കറ്റിംഗ് നടത്തി.

രാവിലെ തുടങ്ങിയ പിക്കറ്റിംഗിനെ തുടര്‍ന്ന് നിരവധി ഫ്ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ, നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്രക്കാരെ വലച്ചു. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്ളൈറ്റ് അറ്റൻഡര്‍മാരും, ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ അംഗങ്ങളുമാണ് പിക്കറ്റിംഗില്‍ പങ്കെടുത്തത്.

ഡാളസ് ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 18000 ഫ്ളൈറ്റ് അറ്റൻഡര്‍മാരെയാണ് യൂണിയന്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവംമൂലം 24 മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നുവെന്നും, വീടുകളില്‍ കൃത്യ സമയങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കോവിഡിനുശേഷം നൂറുകണക്കിന് ഫ്ളൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വര്‍ധിച്ചുവെന്നുതും അധികൃതര്‍ പരിഗണിക്കുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പരാതിപ്പെട്ടു. ഫെഡറല്‍ മീഡിയേറ്റര്‍മാരുടെ ഇടപെടല്‍ സമരം ഒത്തുതീര്‍പ്പാക്കുന്നതിനാവശ്യമാണെന്നും യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.