ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സ്ഥാനാർഥി
Saturday, July 2, 2022 8:45 AM IST
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്സി: ജോജി തോമസ് വണ്ടന്മാക്കിയിൽ 2022 -24 വർഷത്തെ ഫൊക്കാന ട്രസ്റ്റി ബോർഡ് സ്ഥാനാർഥിയായി മത്സരിക്കുന്നു.

കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ജോജി തോമസിനു പിന്തുണയുമായി അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ അംഗസംഘടനകളും രംഗത്തുവന്നു. നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയുമായ ജോജി, കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസിന്‍റെ വിജയം അനിവാര്യമാണെന്ന് കാനഡയിലെ ഫൊക്കാന അംഗസംഘടനകൾ വ്യക്തമാക്കുന്നു.

നിലവിൽ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്കും മറ്റേതെങ്കിലും സ്ഥാനത്തേക്കും മത്സരിക്കുന്ന കാനഡയിൽ നിന്നുള്ള ഏക സ്ഥാനാർഥിയാണ് ജോജി. ജയിച്ചാൽ ഫൊക്കാനയിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ഏക നേതാവായിരിക്കും ജോജി. അതുകൊണ്ടു തന്നെ ജോജിയുടെ വിജയം സുനിശ്ചിതമാണെന്ന് കാനഡയിലെയും അമെരിക്കയിലെയും ഫൊക്കാന നേതാക്കന്മാർ കരുതുന്നത്. മിക്കവാറുമുള്ള എല്ലാ ഡെലിഗേറ്റുകളും തനിക്ക് പിന്തുണ നൽകി കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.

കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി, ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ജോർജി വർഗീസ്‌ നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഭരണ സമിതിയിൽ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായി സ്തുത്യർഹ്യമായ സേവനം അനുഷ്ഠിച്ചു വരുന്ന അദ്ദേഹം കാനഡയിലെ ഫൊക്കാന അംഗങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

കാനഡയിലെ മുഴുവൻ മലയാളി സംഘടനകളുടെയും പിന്തുണയോടെയാണ് ജോജി, ബോർഡ് പ്രതിനിധിയായി മത്സരരംഗത്തുള്ളത്. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ കാനഡയിൽ നിന്നും യാതൊരു പ്രതിനിധ്യവുമില്ലാത്തതിനാൽ ബോർഡിൽ ഒഴിവുള്ള രണ്ടു സ്ഥാനങ്ങളിൽ കാനഡയിൽ നിന്നുള്ള പ്രതിനിധിയായി ജോജി തോമസ് തെരെഞ്ഞെടുക്കപ്പെടുമെന്നാണ് കാനഡയിലെ എല്ലാ മലയാളി അംഗസംഘടനകളും പ്രതീക്ഷിക്കുന്നത്. കാനഡയിലെ അംഗസംഘടനകളുടെ ഈ വികാരം മനസിലാക്കിയ അമേരിക്കയിലെ വിവിധ അംഗസംഘടനകളും ഡെലിഗേറ്റുമാരും ജോജിക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

കാനഡ ലണ്ടൻ ഒന്‍റാരിയോ മലയാളി അസോസിയേഷന്‍റെ (ലോമ) മുൻ പ്രസിഡന്‍റായ ജോജി, ഒന്‍റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന സാമുദായിക -കാരുണ്യ പ്രവർത്തകൻ കൂടിയാണ്. കാനഡയിൽ രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ജോജി തോമസ് റിയൽ തോംസൻ ഫുഡ്സ് എന്ന സ്‌നാക്‌സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടൻ ഒന്റാറിയോയിൽ മിന്‍റ് ലീവ്സ് ഇന്ത്യൻ കിച്ചൻ എന്ന പേരിൽ ഒരു റസ്റ്ററന്‍റും നടത്തുന്നു.

ലണ്ടൻ സെന്‍റ് മേരീസ് സീറോ മലബാർ പള്ളിയിയിൽ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷന്‍റെ മുൻ പാരിഷ് കൗൺസിൽ അംഗവുമാണ്. ബിൽഡിംഗ് കമ്മിറ്റി ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി, കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ഭാര്യ:രേഖ ജോജി (നഴ്‌സ്‌). മക്കൾ: ജെറെമി, ജോനാഥൻ, ജൈഡൻ.