റീമ റസൂൽ യുഎസ് കോൺഗ്രസ് സ്ഥാനാർഥി
Saturday, June 25, 2022 11:39 AM IST
പി.പി. ചെറിയാൻ
ന്യൂയോർക്ക്: ന്യൂയോർക്ക് തേർഡ് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് ഡമോക്രാറ്റിക് സ്ഥാനാർഥിയായി സാമൂഹിക പ്രവർത്തകയും സംഘാടകയുമായ റീമ റസൂൽ മത്സരിക്കുന്നു.

ന്യൂ‌യോർക്ക് തേർഡ് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്നും ആദ്യമായി മത്സരിക്കുന്ന സൗത്ത് ഏഷ്യൻ വനിത, ആദ്യ മുസ് ലിം വനിത എന്നീ ബഹുമതികളാണ് റീമയെ തേടിയെത്തിയിരിക്കുന്നത്. സൗത്ത് ഏഷ്യൻസ് ഫോർ അമേരിക്ക ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23 നു നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ റസൂലിനു പുറമെ മറ്റൊരു ഇന്ത്യക്കാരൻ നവജോത് കൗർ ഉൾപ്പെടെ ഏഴു പേരാണ് സ്ഥാനാർഥികളായിട്ടുള്ളത്.

ന്യൂയോർക്കിൽ ജനിച്ചുവളർന്ന റസൂൽ 2001 ലാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്നുമാണ് ബിരുദം നേടിയത്. നോൺപ്രോഫിറ്റ് ട്രേഡ് അസോസിയേഷൻ സെവിയുടെ സ്ഥാപക കൂടിയാണ് റസൂൽ.

ലോകത്തിലെ ഏറ്റവും സന്പന്നമായ രാജ്യമാണ് അമേരിക്ക. ഇവിടെയുള്ള ഒരു കുടുംബവും ഭ‌‌യത്തിൽ കഴിയരുത്. ചികിത്സാ ചെലവുകൾ നേരിടാൻ കഴിയാത്തവരാകരുത്. കട ബാധ്യതയിൽ പെട്ടുപോകരുത്. ആരോഗ്യ സംരക്ഷണമെന്നത് മൗലികാവകാശമാണ്. എല്ലാവർക്കും മെഡികെയർ ലഭിച്ചിരിക്കണം. ഇതാണ് റസൂൽ ഉയർത്തിയിരിക്കുന്ന പ്രധാന ആവശ്യങ്ങൾ. പ്രൈമറിയിൽ വിജ‌യിക്കുമെന്നാണ് പ്രതീക്ഷയെന്നും രണ്ടു കുട്ടികളുടെ അമ്മയായ റീമ റസൂൽ പറഞ്ഞു.