വിവരസാങ്കേതിക വിദ്യകൾ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ആർ. ബിന്ദു
Saturday, June 19, 2021 11:51 AM IST
ന്യൂജഴ്‌സി: ആഗോളവൽക്കരണത്തിന്‍റെ പരിണിതഫലമായി ഇന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സമ്പദ്‌വ്യവസ്ഥകളും സംസ്കാരങ്ങളും തമ്മിലുള്ള അതിർവരമ്പുകളും അതിവേഗം അപ്രത്യക്ഷമാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത 23 വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇന്‍റർനെറ്റ് യുഗത്തിലെ വിവര വിസ്ഫോടനകളും ശാസ്ത്ര-സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും ലോകരാജ്യങ്ങളിലും നമ്മുടെ ജീവിതങ്ങളിലും സമഗ്രമായ മാറ്റം വരുത്തിയെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു. ഇന്നത്തെ അവസ്ഥയിൽ, സമയവും സ്ഥലവും പോലുള്ള ആശയങ്ങളുടെ പ്രസക്തി ഇല്ലാതായി. ഏത് രാജ്യത്തുള്ളവർക്കും ഏത് സമയത്തും പരസ്പരം ബന്ധപ്പെടാനാകുന്നുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്നത് ഒരു കലയാണ്. അത് സായത്തമാക്കുന്നതിലും ഈ വർ‌ക്ക്‌ഷോപ്പിൽ പങ്കെടുത്തവരെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് താൻ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ആശയങ്ങൾ സമന്വയിപ്പിക്കുന്ന രീതിയും വർക്ക് ഷോപ്പിലൂടെ സായത്തമാക്കിയിട്ടുണ്ടെന്നും താൻ കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ പ്രതിസന്ധിയിൽ പ്രവാസികൾക്കും ആശങ്കയുണ്ടെന്ന് താൻ മനസ്സിലാക്കുന്നതായും മന്ത്രി പറഞ്ഞു. പലപ്പോഴും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ജന്മനാടും മാതൃഭാഷയും അമേരിക്കയിലോ കാനഡയിലോ എവിടെ താമസമാക്കിയാലും, മലയാളികളുടെ ഹൃദയത്തിൽ എന്നും ആഴത്തിൽ വേരൂന്നിയവ തന്നെയാണെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദൗത്യം ഏറ്റെടുക്കുന്നതിനും മലയാണ്മയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ഭാഗഭാക്കാക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയാണ്.

വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറായ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്‍റര്‍നാഷണൽ ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും തയ്യാറാക്കിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിജയികള്‍ക്ക് ഫൊക്കാന പ്രസിഡന്‍റ് ജോർജി വര്‍ഗീസ് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ക്ലബ്ബ് ചെയര്‍ പേഴ്‌സണ്‍ രേഷ്മാ സുനില്‍ അറിയിച്ചു. ചടങ്ങിൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുകയും ചെയ്തു.