നാദമുരളി ഏപ്രില്‍ പതിനേഴിന്
Sunday, April 11, 2021 11:38 AM IST
ലോസ് ആഞ്ചലസ്: സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്കു ഒരു സുവര്‍ണാവസരവുമായി കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം'. ഏപ്രില്‍ പതിനേഴിനാണ് പ്രശസ്ത പുല്ലാംകുഴല്‍ വിദഗ്ധന്‍ രാജേഷ് ചേര്‍ത്തലയും വയലിനിനില്‍ മന്ത്രികസ്വരങ്ങള്‍ തീര്‍ക്കുന്ന അഭിജിത് നായരും ചേര്‍ന്നൊരുക്കുന്ന 'നാദമുരളി'യെന്ന സംഗീതപരിപാടി ഒരുക്കുന്നത്. സംഘടനയുടെ നിര്‍മാണത്തിലിരിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ധനശേഖരണാര്‍ഥം അവതരിപ്പിക്കുന്ന പരിപാടി വൈകിട്ട് ആറു മുതല്‍ രാത്രി ഒന്പതു വരെ (ഇന്ത്യന്‍ സമയം ഏപ്രില്‍ പതിനെട്ടിനു രാവിലെ ആറരയ്ക്ക്) ആസ്വദിക്കാവുന്നതാണ്.

പരിപാടി ആസ്വദിക്കാനും വിജയിപ്പിക്കാനും എല്ലാ സംഗീതാസ്വാദകരുടെയും പിന്തുണയുണ്ടാകണമെന്നു പരിപാടികളുടെ ചുമതലയുള്ള ഡോ.സിന്ധു പിള്ള, 'ഓം' പ്രസിഡന്‍റ് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി, ട്രഷറര്‍ രമ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പ്രമുഖ റിയല്‍ എസ്റ്റേറ്ററായ മാത്യു തോമസ്, ധനകാര്യ കണ്‍സല്‍ട്ടന്‍റ് പോള്‍ കര്‍ള എന്നിവരാണ് പരിപാടിയുടെ പ്രായോജകര്‍. നാദമുരളി ആസ്വാദിക്കാന്‍ https://naadamurali.eventbrite.com/ വഴി റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ohmcalifornia.org സന്ദര്‍ശിക്കുക