പതിനാലുകാരന്‍റെ ഇടിയേറ്റ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം
Monday, April 5, 2021 3:10 PM IST
ഫ്‌ളോറിഡ: പതിനാലുകാരന്‍റെ ഇടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ഫ്‌ളോറിഡ യുണൈറ്റഡ് മെതഡിസ്റ്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ എന്ന പതിനാലുകാരന്‍റെ ഇടിയേറ്റാണു സുരക്ഷാ ജീവനക്കാരന്‍ മരിച്ചത്. ചില്‍ഡ്രന്‍ ഹോമിന് വെളിയില്‍ പോയ ക്രിസ്റ്റഫറെ പിടികൂടിയപ്പോഴാണ് മൈക്കിള്‍ എല്ലിസിനെ (55) ക്രിസ്റ്റഫര്‍ ആക്രമിച്ചത്. മുഷ്ഠി ചുരുട്ടിയുള്ള ഇടിയേറ്റു ചില്‍ഡ്രന്‍സ് ഹോം ഗാര്‍ഡായിരുന്ന എല്ലിസ് മരിക്കുകയായിരുന്നു.

എല്ലിസിന്‍റെ തലയില്‍ ക്രിസ്റ്റഫര്‍ നിരവധി തവണ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ എല്ലിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായ എല്ലിസ് ശനിയാഴ്ച മരിച്ചു.

ക്രിസ്റ്റഫറിനെതിരെ പോലീസ് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൊലപാതക കുറ്റത്തിനു കേസെടുക്കണോ എന്നു തീരുമാനിക്കുമെന്നു പോലീസ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജുവനൈല്‍ ജസ്റ്റിസ് കസ്റ്റഡിയില്‍ കഴിയുന്ന ക്രിസ്റ്റഫറെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍