പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ്: പിഎംഎഫ്
Saturday, January 16, 2021 2:19 PM IST
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു ലോക കേരളസഭ അംഗങ്ങളായ ഡോ ജോസ് കാനാട്ട്,ഡോ ജോര്‍ജ് എബ്രഹാം, ജോസ് മാത്യൂ പനച്ചിക്കല്‍, അഡ്വ.പ്രേമ മേനോന്‍, സ്വപ്ന യൂ കെ, ബിന്ദു (ഒമാന്‍), കേശു കേശവന്‍കുട്ടി (ചൈന) എന്നിവര്‍ ചേര്‍ന്നാണ് ഗ്ലോബല്‍ കമ്മറ്റിക്കുവേണ്ടി നിവേദനം സമര്‍പ്പിച്ചിരുന്നത്

പ്രവാസി ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി, നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി അനുവദിച്ചു. കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയ്ക്കായി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലിം, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ എന്നിവര്‍ അറിയിച്ചു

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കുമെന്നും കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും ധനമന്ത്രി ഉറപ്പ്‌നല്‍കിയതായും നേതാക്കള്‍ പറഞ്ഞു .

പ്രവാസികള്‍ക്കും കേരളസമൂഹത്തിനാകമായും വലിയ പ്രതീക്ഷ നല്‍കുന്ന ബജറ്റാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമസ്ത മേഖലകളെയും അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്നും കേരളത്തിന്റെ വികസനക്കുതിപ്പിന് ഇത് ആക്കം കൂട്ടുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.

2020-21 സാമ്പത്തികവര്‍ഷത്തില്‍ എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംവഴി അഞ്ചുവര്‍ഷംകൊണ്ട് 20 ലക്ഷംപേര്‍ക്കെങ്കിലും തൊഴില്‍നല്‍കുന്ന പദ്ധതിയും ആവേശകരമാണ്. ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് കേരളം മുന്നോട്ടു പോകുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റ് നവകേരള സൃഷ്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബഡ്ജറ്റ് വാഗ്ദാനം വെറും ജലരേഖയായി അവശേഷിക്കാതെ പൂര്‍ണമായും നടപ്പാക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പിഎംഎഫ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍