ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്
Saturday, November 28, 2020 8:34 AM IST
ഹഡ്സൺ (ന്യൂജേഴ്സി): ഹഡ്സൺ കൗണ്ടി പോലീസ് ഓഫീസേഴ്സ്, അഗ്നിശമന സേനാംഗങ്ങൾ, ഇഎംടി, ഫസ്റ്റ് ഡെപോണ്ടേഴ്സ്, ഫ്രണ്ട് ലൈൻ വർക്കേഴ്സ്, അധ്യാപകർ എന്നിവർക്ക് സൗജന്യ ക്രിസ്മസ് ട്രീ വിതരണം ചെയ്യുന്നു.

ബ്രുയൽസ് സ്റ്റേഡിയം സോക്കർ ഫീൽഡ് പാർക്കിംഗ് ലോട്ടിൽ നവംബർ 28 നു (ശനി) രാവിലെ 10 മുതലാണ് വിതരണം. വാങ്ങാൻ വരുന്നവർ തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതേണ്ടതാണ്. സ്റ്റോക്ക് അനുസരിച്ച് ആദ്യമാദ്യം വരുന്നവർക്കാണ് മുൻഗണന ലഭിക്കുക.

1960 മുതൽ ഹഡ്സൺ കൗണ്ടിയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡിറ്റി അലൻ ഫാമിലിയാണ് ഈ വർഷം മഹാമാരിയെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ജീവൻ പോലും പണയം വച്ച് ആത്മാർഥമായ പ്രവർത്തനം നടത്തിവരുന്ന എല്ലാ വിഭാഗം പ്രവർത്തകരേയും അഭിനന്ദിക്കാൻ തീരുമാനിച്ചത്.

"ഈ വർഷം എല്ലാവരേയും സംബന്ധിച്ച് വളരെ ദുഷ്കരമായിരുന്നു. ത്യാഗ നിർഭരമായ സേവനം നടത്തിയവർ ഇന്നു മറ്റുള്ളവർക്ക് വളരെ പ്രചോദനം നൽകുന്നു'. ഈ ഹോളിഡേ സീസൺ ആഘോഷിക്കുന്നതിന് തങ്ങളാലാവുംവിധം സഹായം നൽകുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഡിറ്റി അലൻ കോൺട്രാക്ടിംഗ് പ്രിൻസിപ്പൽ ഡാൻ അലൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ