ബോയിംഗ് 737 മാക്സ് വീണ്ടും ചിറുകൾ വിരിക്കുന്നു
Thursday, November 19, 2020 10:23 PM IST
രണ്ട് വലിയ അപകടങ്ങളെതുടർന്നു സർവീസ് നിർത്തിവച്ച ബോയിംഗ് 737 മാക്സ് വിമാനങ്ങൾ 20 മാസങ്ങൾക്കുശേഷം വീണ്ടും ആകാശത്ത് ചിറക് വിരിക്കുന്നു. ഇന്തോനേഷ്യയിലും എത്യോപ്യയിലും നടന്ന അപകടങ്ങളെ തുടർന്നാണ് 2019 മാർച്ചിൽ ഫെഡറൽ ഏവിയേഷൻ ബോയിംഗ് 737 വിമാനങ്ങളുടെ പറക്കൽ നിരോധിച്ചത്. ഈ അപകടങ്ങളിൽ 346 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

പുതിയ ഡിസൈനിങ്ങിലും സോഫ്റ്റ്‌വെയർ അപ്ഗ്രേഡിങ്ങിലും പൈലറ്റുമാരുടെ പരിശീലനത്തിലും മാറ്റങ്ങൾ വരുത്തിയത് അപകടങ്ങൾക്ക് കാരണമായ ന്യൂനതകൾ ഇല്ലാതാക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സാക്ഷ്യപ്പെടുത്തി. ന്യൂനതകൾ പരിഹരിച്ചത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അംഗീകരിക്കുകയും വീണ്ടും ആകാശവിതാനങ്ങളിലേക്ക് പറന്നുയരാൻ അനുമതി നൽകുകയും ചെയ്തു. എൻജിനീയറിംഗ് തകരാറുകൾ, തെറ്റായ മാനേജ്മെന്‍റ്, റെഗുലേറ്ററി മേൽനോട്ടത്തിന്‍റെ അഭാവം എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് അപകടങ്ങൾക്ക് കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇൻഡസ്ട്രിയൽ ഐക്കൺ "ബോയിംഗ് ' അമേരിക്കയിലെ ഏറ്റവും വലിയ ഉൽപ്പാദന കയറ്റുമതിക്കാരാണ് . പറക്കൽ അനുമതി നിഷേധിച്ചത് മൂലം കോടിക്കണക്കിന് ഡോളറാണ് ബോയിംഗ് കമ്പനിക്ക് നഷ്ടം ഉണ്ടാക്കിയത്. കൊറോണ വൈറസ് മൂലം ആഗോള വ്യോമയാന വ്യവസായത്തിന് നൽകിയ പ്രഹരം കമ്പനിയുടെ നഷ്ടത്തിന്‍റെ ആഴവും വർധിപ്പിച്ചു.
2020 തുടക്കത്തിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഏതാണ്ട് 19 ശതമാനം ജീവനക്കാരെ കുറച്ചുകൊണ്ടായിരിക്കും 2021 ആരംഭിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.

ആഗോള വ്യോമയാന മേഖലയിൽ 380 ഓളം 737 മാക്സ് വിമാനങ്ങൾ ഉണ്ട് . അപകടത്തെതുടർന്നു ആയിരക്കണക്കിന് ഓർഡറുകൾ കമ്പനി താൽക്കാലികമായി നിർത്തി വച്ചിരുന്നു. എല്ലാ തടസങ്ങളും നീങ്ങി വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങുമ്പോൾ നിർത്തി വച്ചിരിക്കുന്ന ഓർഡറുകൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

മുൻ ഡെൽറ്റ എയർ ലൈൻസ് പൈലറ്റായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഏജൻസിയുടെ തലവൻ സ്റ്റീഫൻ ഡിക്സൺ സെപ്റ്റംബറിൽ ഒരു പരീക്ഷണ പാറക്കൽ നടത്തി സ്ഥിതി വിവരങ്ങൾ രേഖപ്പെടുത്തി. തുടർന്ന് സുരക്ഷാ ആശങ്കകളെ ലഘൂകരിച്ചു.
"ഈ ഘട്ടത്തിലേക്ക് ഞങ്ങളെ നയിച്ച പാത വളരെ നീണ്ടതും കഠിനവുമായിരുന്നു, എന്നാൽ ഇത് ലഭിക്കാൻ ധാരാളം സമയം എടുക്കുമെന്ന് ഞങ്ങൾ ആദ്യമേ തന്നെ പറഞ്ഞിരുന്നതാണ്, എന്‍റെ കുടുംബം ഈ വിമാനത്തിൽ പറക്കുന്നതിൽ എനിക്ക് നൂറു ശതമാനം വിശ്വാസമുണ്ട് ഇനി ആശങ്കകളില്ല.' - മിസ്റ്റർ ഡിക്സൺ ബുധനാഴ്ച ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

പുതിയ വാർത്ത ബോയിംഗ് വിപണി മൂല്യം ഈ മാസം 40 ശതമാനത്തിലധികം ഉയർന്നു. അതോടൊപ്പം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനുകൾ വളരെ ഫലപ്രദമാണെന്ന് ഫൈസറിൽ നിന്നും മോഡേണയിൽ നിന്നുമുള്ള വാർത്തകൾ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നു.

റിപ്പോർട്ട്: അജു വാരിക്കാട്