മത്സരിക്കുന്നത് ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമാകാനെന്ന് സെനറ്റർ കെവിൻ തോമസ്
Monday, October 26, 2020 2:33 PM IST
ന്യൂജേഴ്‌സി: ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരുവാനാണ് താൻ വീണ്ടും തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ്‌ സെനറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന മലയാളിയും ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥിയുമായ കെവിൻ തോമസ്. ഇന്ത്യൻ അമേരിക്കൻ സെനറ്റർ എന്നതിലുപരി മറ്റു അനവധി സാഹചര്യങ്ങൾ കൊണ്ടാണ് സെനറ്റിൽ മത്സരിക്കാൻ തന്നെ മുന്നോട്ടു നയിക്കുന്നതെന്നും കെവിൻ തോമസിന്റെ തെരെഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി കേരള ടൈംസ് ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ സൂം വെർച്ച്വൽ മീറ്റിംഗിലൂടെ സംഘടിപ്പിച്ച ധനസമാഹരണം യോഗത്തിൽ സെനറ്റർ കെവിൻ.വ്യക്തമാക്കി.

ഇന്ത്യൻ അമേരിക്കക്കാരനായതുകൊണ്ടാകാം ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ ഒരു പാട് ദ്രോഹങ്ങൾ ചെയ്തതുകൊണ്ട്‌ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ എതിരാളികൾ കിണഞ്ഞു ശ്രമിക്കുകയാണ്. ന്യൂയോർക്ക് നാസോ കൗണ്ടിയിലെ ആറാമത്തെ ഡിസ്ട്രിക്ട് സെനറ്റിൽ നിന്ന് രണ്ട് വർഷം മുൻപ് എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ന്യൂയോർക്ക് സെനെറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കെവിന്റെ അപ്രതീക്ഷിത വിജയം കാലങ്ങളായി ആ സീറ്റ് കൈയടക്കിവച്ചിരുന്ന റിപ്പബ്ലിക്കന്മാരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചുകളഞ്ഞത്. എന്നാൽ ഇക്കുറി പണം വാരിയെറിഞ്ഞു തന്നെ തോൽപ്പിക്കാൻ റിപ്പബ്ലിക്കന്മാർ കിണഞ്ഞു ശ്രമിച്ചു വരികയാണ്.

ശബ്‌ദമില്ലാത്തവരുടെ ശബ്ദമായി തന്റെ വ്യത്യസ്തമായ പ്രവർത്തന ശൈലിയാണ്. തന്റെ രാഷ്ട്രീയ ഭാവിയെക്കാൾ ഉപരിയായി ശബ്‌ദമില്ലാത്തവരുടെ ശബ്ദമായി അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുക എന്ന് മാത്രമാണ് ലക്ഷ്യം.- സെനറ്റർ കെവിൻ വ്യക്തമാക്കി.

ഒരു കുടിയേറ്റക്കാരന്റെ വേദനകളും ബുദ്ധിമുട്ടുകളും ആശങ്കകളും നേരിട്ടനുഭവിച്ച വ്യക്തിയാണ് താൻ. മാതാപിതാക്കൾക്കൊപ്പം 10 വയസായിരിക്കെ അമേരിക്കയിൽ കുടിയേറിയപ്പോൾ മുതൽ എല്ലാ തിക്താനുഭവങ്ങളും ഉള്ളിലെറ്റിയ തനിക്ക് ഒരു അറ്റോർണി ആയിരുന്നപ്പോഴും ദുർബല വിഭാഗത്തെ പരമാവധി സഹായിക്കുക എന്ന ചിന്തയാണ് എന്നുമുണ്ടായിരുന്നത്. അത് കൂടുതൽ ഫലപ്രദമാക്കാനാണ് താൻ കൗണ്ടിയിലേക്കും പിന്നീട് സ്റ്റേറ്റ്‌ സെനറ്റിലേക്കും മത്സരിക്കാനുള്ള സാഹചര്യമുണ്ടായത്.

2018 ലെ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ശബ്‌ദമില്ലാത്തവരുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നതിന്റെ തീവ്രത കൂടുതൽ അനുഭവപ്പെട്ടത്. കൗണ്ടിയുടെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നല്ല സ്കൂൾ വിദ്യാഭാസം നൽകുന്നതിനാണ് താൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. നാസോ കൗണ്ടി സ്കൂൾ സിസ്റ്റത്തിന് ഒരു ബില്യൺ ഡോളർ റിലീഫ് ഫണ്ട് അനുവദിച്ച സെനറ്റർ കെവിൻ കൂടുതൽ ഫണ്ട് ഇനിയും അനിവാര്യമാണെന്നും സൂചിപ്പിച്ചു. ഇത്തവണത്തെ ബജറ്റിൽ ഏതാണ്ട് 15 മുതൽ 20 ബില്യൺ ഡോളർ കമ്മിയാണ് സ്കൂൾ സിസ്റ്റത്തിനു വകയിരുത്തിയിരിക്കുന്നത്. അത് പുനർസ്ഥാപിക്കാൻ പോരാടുകയാണ് മറ്റൊരു ലക്‌ഷ്യം.

തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കൻ ഇമ്മിഗ്രേഷൻ നടപടികളുൾപ്പെടെയുള്ള അമേരിക്കൻ മലയാളികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും തന്റേതായ ഇടപെടലുകൾ നടത്തുമെന്നും അമേരിക്കൻ മലയാളികളുടെ ഏതു പ്രശ്നങ്ങൾക്കും തന്റെ ഇടപെടലുകൾ ആവശ്യമായി വന്നാൽ തന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് സെനറ്റർ കെവിൻ ഉറപ്പ് നൽകി.തെരെഞ്ഞെടുപ്പ് വിജയിച്ചു കഴിഞ്ഞാൽ തന്റെ ഓരോ മലയാളി സഹോദരന്മാരുമായും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു മീറ്റിംഗ് തെരെഞ്ഞടുപ്പിനു ശേഷം നടത്താൻ താൽപ്പര്യമുണ്ടെന്നും കെവിൻ പറഞ്ഞു.

60 ശതമാനം വെള്ളക്കാരുള്ള നസ്സോ കൗണ്ടിയിൽ മലയാളികളുടെ ജനസംഖ്യ വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി വരുന്ന 39 ശതമാനം ആളുകളിൽ ബ്ലാക്ക്, ഹിസ്പാനിക്ക്, അദർ ഏഷ്യൻ വിഭാഗങ്ങളുമാണ് അങ്ങനെയുള്ള ഒരു പ്രദേശത്ത് 1989 മുതൽ 2018 വരെ തുടർച്ചയായി സെനറ്റർ ആയിരുന്ന കെംപ് ഹാനനെതിരെ അവസമരണീയമായ വിജയം സമ്മാനിച്ചത്. ശബ്‌ദമില്ലാത്തവരുടെ ശബ്ദമായി താൻ നിലകൊണ്ടതുകൊണ്ടാണെന്നും കെവിൻ തോമസ് വ്യക്തമാക്കി.

ഇത്രയും ചെറിയ മൈനോരിറ്റി വിഭാഗത്തിൽ നിന്ന് ഭൂരിപക്ഷത്തേയും റിപ്പബ്ലിക്കൻ കുത്തകയെയും മറികന്നാണ് ഒരു അവിസ്മരണീയ വിജയം നേടിയത്. കഴിഞ്ഞ രണ്ടു വർഷത്തെ തന്റെ പ്രവർത്തനങ്ങൾ ദുർബലവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഒട്ടനവധി വികസന സ്നേഹികൾ ഏറ്റെടുത്തതോടെയാണ് ഇത്തവണ വര്‍ഗീയ ധ്രുവീകരണം ഉൾപ്പെടെയുള്ള എല്ലാ മോശമായ പ്രവർത്തനങ്ങളിലൂടെയും തന്നെ തോൽപ്പിക്കാൻ ഏറെ നീചമായ മാർഗങ്ങളിലൂടെ തിക്കെതിരെ പ്രവർത്തിച്ചു വരുന്നത്. അവസാന വിജയം തന്റെതാണെന്നും ഇനിയൊരിക്കൽക്കൂടി നാം കൂടേണ്ടിവരുന്നത് വിജയം ആഘോഷിക്കാനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓർത്തോഡോക്സ് ടി.വി. ചെയർമാൻ ഫാ.ജോൺസൺ പുഞ്ചക്കോണത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ക്രിസ്റ്റീൻ ജോൺ അമേരിക്കൻ ദേശീയ ഗാനമാലപിച്ചു.കേരള ടൈംസ് മാനേജിംഗ്‌ ഡയറക്ടർ പോൾ കറുകപ്പള്ളിൽ മീറ്റിംഗിൽ സംബന്ധിച്ചവരെ സ്വാഗതം ചെയ്തു. ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര എന്നിവർ ആയിരുന്നു മോഡറേറ്റർമാർ. 6th ഡിസ്ട്രിക്ട് ഡയറക്ടർ മാർക്ക് കെന്നഡി,സെനറ്റർ കെവിൻ തോമസിന്റെ പ്രചാരണ കമ്മിറ്റി ഫിനാൻസ് മാനേജർ ബ്രയാൻ ഗ്രാൻഡെലി, കേരള കൽച്ചറർ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡണ്ടും കെവിൻ തോമസിന്റെ അടുത്ത സുഹൃത്തുമായ അജിത്ത് കൊച്ചൂസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ന്യൂ റോഷൻ ഹ്യൂമൻ റൈറ്സ് കമ്മീഷണർ തോമസ് കോശി,ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി.എം. പോത്തൻ, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർ ടി.എസ ചാക്കോ, ഫൊക്കാന വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷാഹി, ഫൊക്കാന ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാന ന്യൂജേഴ്‌സി ആർ.വി.പി ഷാജി വർഗീസ്, ഫൊക്കാന ഓഡിറ്റർ വർഗീസ് ഉലഹന്നാൻ, ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ജി. കെ. പിള്ള, ജോൺ പി ജോൺ, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഫ്രിൻ ജോസ്, ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വർഗീസ് ജേക്കബ്,ജനനി മാഗസിൻ എഡിറ്റർ സണ്ണി പൗലോസ്, ഫൊക്കാന നേതാക്കന്മാരായ സുധ കർത്ത, ജോയി ചാക്കപ്പൻ, ജോജു ജെയിംസ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ സെക്രട്ടറി:ഷോബി ഐസക്ക്, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ സണ്ണി കല്ലൂപ്പാറ, ജീമോൻ, ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് മത്തായി പി. ദാസ്, കെ.സി.എഫ്. പ്രസിഡണ്ട് കോശി കുരുവിള, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ജോസ് മലയിൽ, ജിൻസ്, പ്രിൻസ് ബേബി സ്പെക്ട്രം ഓട്ടോ മൊബൈൽ, ജോ അലക്‌സാണ്ടർ, ജീമോൻ വർഗീസ്,ബേബി മാത്യു (ലോങ്ങ് ഐലൻഡ്) ലയൺസ്‌ ക്ലബ് റോക്ക്‌ലാൻഡ് മുൻ ഗവർണർ മത്തായി ചാക്കോ നന്ദി പറഞ്ഞു.

സംഭാവന നൽകുവാനുള്ള വെബ്സൈറ്റിൽ കയറുവാൻ ഈ ലിങ്കിൽ കയറുക.
https://secure.actblue.com/donate/thomasvirtualfund1023

റിപ്പോർട്ട് :ഫ്രാൻസിസ് തടത്തിൽ