കാനഡയിലെ മലയാളി സംവിധായകന്‍റെ ഇംഗ്ലീഷ് സിനിമ "ഡിസ്‌ഗൈസ്‌' ചിത്രീകരണം പൂർത്തിയായി
Friday, October 23, 2020 5:01 PM IST
എഡ്മണ്ടൻ: കാനഡയിലെ മലയാളി സംവിധായകനായ അഭിലാഷ് മാത്യു സംവിധാനം ചെയ്യുന്ന "ഡിസ്‌ഗൈസ്‌' എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഫ്രെയിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജാർവിസ് ഗ്രീനിർ, അഭിലാഷ് മാത്യു, ജനനി റസിയ‌ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അഭിലാഷും, ജനനിയും സംയുക്തമായാണ് സംവിധാനം ചെയ്യുന്നത്.

കാനഡയിൽ നിന്നുള്ള അഭിനേതാക്കൾ വേഷമിടുന്ന സിനിമയുടെ ചിത്രീകരണം എഡ്മണ്ടനിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായി. ബാരറ്റ് കോട്സ്, യാഷ്‌രാജ് ദത്ത ഷെറി ദാൽ, ലോറെൻ ബ്രേഡീ, ഷീൻ ഗോർഡൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അധോലോക സംഘത്തിന്‍റെ പശ്ചാതലത്തിൽ പ്രണയവും പകയും കൂടിക്കലർന്ന കഥ പറയുന്ന ഡിസ്‌ഗൈസ്‌, പ്രേക്ഷകരെ പിടിച്ചിരുത്താൻ പോരുന്ന ചേരുവകൾ ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ തിരക്കഥ ട്രെവർ ഷിമിറ്റും ജനനി റസിയയും കാമറയും എഡിറ്റിംഗും അഭിലാഷും സംഗീത സംവിധാനം ബ്രാഡ് മക്‌ഡൊണാൾഡും നിർവഹിച്ചു.

അഭിലാഷ് സംവിധാനം ചെയ്ത "കനേഡിയൻ താറാവുകൾ' എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. എഡ്‌മണ്ടനിലെ ഐമാക്സ് തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിച്ചത്. റിഷടൺ നേ, തിരുരക്തം എന്നെ സംഗീത ആൽബങ്ങളും ഏറെ ജനശ്രദ്ധ നേടിയവ ആയിരുന്നു.

2021 ൽ അമേരിക്കയിലും കാനഡയിലുമായി റിലീസ് ചെയ്യുന്ന ഡിസ്‌ഗൈസ്‌ വഴി, അഭിലാഷിന് എളുപ്പം ഹോളിവുഡിലേക്ക് പ്രവേശിക്കാനാകും. അഭിലാഷിന്‍റെ നേത്രത്വത്തിലുള്ള ഫ്രെയിം പ്രൊഡക്ഷൻസ് നിർമിച്ച തഡയമെട്രിക് എന്ന ഷോർട് ഫിലിം നിരവധി മേളകളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

റിപ്പോർട്ട്: പി.വി. ബൈജു