നോർത്ത് ടെക്സസില്‍ സൗജന്യ കോവിഡ് ടെസ്റ്റ്
Tuesday, August 4, 2020 6:26 PM IST
ഫ്രിസ്ക്കൊ: നോർത്ത് ടെക്സസ് പരിധിയിൽപെട്ട എല്ലാവർക്കും സൗജന്യ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നു. ഫ്രിസ്ക്കോയിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞു 2 വരെയാണ് മുൻകൂട്ടി ആവശ്യപ്പെടുന്നവർക്കായി സൗജന്യ പരിശോധന ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

ഫെഡറൽ ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച പരിശോധനകളാണിതെന്നും 89 ശതമാനം കൃത്യതയുണ്ടെന്നും ഫ്രിസ്ക്കൊ സിറ്റി അധികൃതർ അറിയിച്ചു. 48 മണിക്കൂർ മുതൽ 96 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തുന്നവരുടെ പേരുവിവരം കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിനെ തുടർനടപടികൾക്കായി അറിയിക്കും.

ഓഗസ്റ്റ് 1 മുതൽ 31 വരെയാണ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കായി വരുന്നവർ 20 മിനിട്ടു മുൻപ് ഭക്ഷണം കഴിക്കുകയോ വായ കഴുകുകയോ ചെയ്യരുതെന്ന് ഫ്രിസ്ക്കൊ ഫയർ ഇഎംഎ ബറ്റാലിയൻ ചീഫ് ജേക്ക് ഓവൻ അറിയിച്ചു.ഡോ. പെപ്പർ ബാൾ പാർക്കി (7300 റഫ്റൈഡേഴ്സ് ട്രയൽ) ലാണ് പരിശോധനാ കേന്ദ്രം. താല്പര്യമുള്ളവർ ഫ്രിസ്ക്കൊ സിറ്റി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ