ജോർജിയ സംസ്ഥാനത്ത് അടിയന്തരാവസ്ഥ; നാഷണൽ ഗാർഡിനെ വിന്യസിച്ചു
Tuesday, July 7, 2020 5:26 PM IST
അറ്റ്ലാന്‍റാ: ജോർജിയ സംസ്ഥാനത്ത് ഗവർണർ ബ്രയാൻ കെമ്പ് തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വർധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെയും കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന വെടിവയ്പുകളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഇതേതുടർന്നു ആയിരത്തോളം നാഷണൽ ഗാർഡിനെ വിന്യസിക്കുകയും ചെയ്തു.

ജൂലൈ നാലിനു നടന്ന വെടിവയ്പിൽ 5 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു 8 വയസുള്ള പെൺകുട്ടിയുമുണ്ട്. അമ്മയോടൊപ്പം കാറിൽ കയറുന്നതിനിടെയാണ് വെടിയേറ്റതെന്നു പോലീസ് പറഞ്ഞു.

“കഴിഞ്ഞ ഏതാനും ആഴ്ചകളായി 75 ലധികം വെടിവയ്പുകൾ ഇവിടെ നടന്നിട്ടുണ്ട്,” മേയർ കെയ്‌ഷ ലാൻസ് ബോട്ടംസ് പറഞ്ഞു. മേയ് അവസാനം ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തെതുടർന്നു അറ്റ്ലാന്‍റ നഗരത്തിൽ പലയിടങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ അക്രമങ്ങളും കൊള്ളയും ഉണ്ടായത് നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.

"സമാധാനപരമായ പ്രതിഷേധം നടത്തേണ്ടവർ, അപകടകരവും വിനാശകരവുമായ അജണ്ടയുമായി പ്രതിഷേധത്തെ ഹൈജാക്ക് ചെയ്തു. ഇപ്പോൾ നിരപരാധികളായ ജോർജിയക്കാരെ ലക്ഷ്യമിടുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു,". "ഈ അധാർമികത അവസാനിപ്പിച്ച് നമ്മുടെ സംസ്ഥാനത്തു ക്രമസമാധാന പുനസ്ഥാപിക്കണം - കെമ്പ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ജൂലൈ 4 നു യുഎസിലുടനീളമുള്ള വെടിവയ്പിലും ആക്രമണങ്ങളിലും ഇരയായവരിൽ നിരവധി കുട്ടികൾ ഉൾപ്പെടുന്നതു ആശങ്ക ഉയർത്തുന്നുണ്ട്.

ഷിക്കാഗോയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു 7 വയസുകാരിക്കും ഷിക്കാഗോയിൽ മറ്റൊരിടത്തു ഒരു 14 വയസുകാരനും അറ്റ്ലാന്‍റായിൽ അമ്മയോടൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു 8 വയസുകാരിക്കും വാഷിംഗ്ടൺ ഡിസിയിൽ 11 വയസുള്ള ഒരാൺകുട്ടിക്കും ജൂലൈ ആദ്യവാരം ഉണ്ടായ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു.

റിപ്പോർട്ട്: അജു വാരിക്കാട്