ഇടതുപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ശക്തമായ വിമർശനങ്ങൾ അഴിച്ചുവിട്ട് ട്രംപ്
Monday, July 6, 2020 8:20 PM IST
വാഷിംഗ്ടൺ ഡിസി: രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും കലാപം അഴിച്ചു വിടുന്നതിനും അരാജകത്വം വളർത്തുന്നതിനും ഇടതുപക്ഷ തീവ്രവാദികളും ഒരു കൂട്ടം മാധ്യമങ്ങളും നടത്തുന്ന പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു ഡോണൾഡ് ട്രംപ്.

244-ാ മത് സ്വാതന്ത്ര്യദിനമായ ജൂലൈ 4നു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ട്രംപിന്‍റെ പ്രതിഷേധം അണപൊട്ടിയൊഴുകിയത്. ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തിനുശേഷം ഒരു മാസമായി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ അഴിഞ്ഞാടുന്ന അക്രമികൾ ചരിത്ര സ്മാരകങ്ങളായി ഉയർന്നു നിൽക്കുന്ന പ്രതിമകൾ തകർക്കുന്നതിനും വ്യാപാര കേന്ദ്രങ്ങൾ അക്രമിച്ചു തകർക്കുന്നതിനും കടകൾ അഗ്നിക്കിരയാക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ കൈ കെട്ടി നോക്കിനിൽക്കാൻ കഴിയുകയില്ലെന്നും ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കൻ ജനത എന്നും പരിപാവനമായി കരുതുന്ന മൂല്യങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.അടിമകൾക്ക് സ്വാതന്ത്ര്യം നേടി കൊടുത്ത ജോർജ് വാഷിംഗ്ടൺ, ഇന്ത്യയുടെ രാഷ്ട്ര പിതാവും അഹിംസാ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവുമായ മഹാത്മാഗാന്ധി എന്നിവരുടെ പ്രതിമകൾ പോലും കലാപകാരികൾ ഒഴിവാക്കുന്നില്ല എന്നതും ഇതിന്‍റെ ഗൗരവം വർധിപ്പിക്കുന്നു - ട്രംപ് പറഞ്ഞു.രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുവാൻ ഒരുങ്ങുമ്പോൾ രാജ്യത്ത് അക്രമം അഴിച്ചുവിടുന്നവരെ പ്രതിഷേധക്കാർ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളേയും ട്രംപ് വിമർശിച്ചു. സത്യസന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായിരിക്കണം മാധ്യമ ധർമമെന്നതിനു പോലും വിസ്മരിക്കുന്ന രീതിയിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. കോവിഡ് 19 മഹാമാരിയെ അമേരിക്കൻ ജനത അതിജീവിക്കുമെന്നും പൂർവാധികം ശക്തിയോടെ അമേരിക്ക തിരിച്ചുവരുമെന്നും ട്രംപ് കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ