അനിയൻ ജോർജിനെ കാൻജ് ഫോമാ പ്രസിഡന്‍റ് സ്ഥാനാർഥിയായി നാമനിർദ്ദശം ചെയ്തു
Saturday, July 4, 2020 2:34 PM IST
ന്യൂജഴ്‌സി : കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ മുൻ പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയൻ ജോർജിനെ ഫോമയുടെ 2020 പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു,

കാൻജ് പ്രസിഡന്റ് ദീപ്തി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് അനിയൻ ജോർജിനെ 2020 ഫോമാ പ്രസിഡന്റ് സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തത്, ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുവാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് അനിയൻ ജോർജ് എന്ന് കാൻജ് സെക്രട്ടറി ബൈജു വർഗീസ് അഭിപ്രായപ്പെട്ടു,

അനേകം തവണ കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് അനിയൻ ജോർജ്, കൂടാതെ അദ്ദേഹം കാൻജ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. അനിയൻ ജോർജ് പ്രസിഡന്റ് ആയി വരുന്ന കാലഘട്ടം ഫോമയുടെ സുവർണ കാലമായിരിക്കുമെന്ന് ട്രഷറർ വിജേഷ് കാരാട്ട് പറഞ്ഞു.

കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ അഭിമാനമായ അനിയൻ ജോർജിന് എല്ലാവിധ ആശംസകളും നേരുന്നതായി കാൻജ് എക്സിക്യൂട്ടീവ് കമ്മറ്റി ഐകകണ്ഠേന അറിയിച്ചു. വളരെ അഭിമാനത്തോടെയാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അനിയൻ ജോർജിനെ നാമനിർദേശം ചെയ്യുന്നത് എന്ന് ഫോമായുടെ മുൻ ജനറൽ സെക്രട്ടറിയും കാൻജ് ട്രസ്റ്റി ബോർഡ് മെമ്പറുമായ ജിബി തോമസ് മോളോപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും അമേരിക്കയിൽ വിവിധ രംഗങ്ങളിൽ നിറസാന്നിധ്യവുമായ അനിയൻ ജോർജ് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്,
മലയാളി ഹെല്പ് ലൈൻ എന്ന കൂട്ടായ്‌മയിലൂടെ അതിന്റെ അമരക്കാരനായി കോവിഡിന്റെ ഈ കാലത്ത് എല്ലാ മലയാളി സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമുള്ളവർക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം ഇപ്പോൾ. 2020 സെപ്റ്റംബർ 5,6,7 തീയതികളിൽ ഫിലാഡൽഫിയയിൽ വച്ചാണ് ഫോമാ കൺവൻഷൻ അരങ്ങേറുന്നത്.

റിപ്പോർട്ട് : ജോസഫ് ഇടിക്കുള.