ഏകലോക മാനവദർശനം " . ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി,ബ്രഹ്മശ്രീ ധർമ്മചൈതന്യസ്വാമി
Friday, May 29, 2020 2:27 AM IST
ഡാളസ് :ഗുരുദേവൻ ലോകത്തിനു നൽകിയ ഒരു വലിയ ദര്ശനമാണ് വിശ്വ മാനവികതയിൽ നിന്നുകൊണ്ട് ലോകത്തിനു വെളിച്ചം വീശുന്ന "ഏകലോക മാനവദർശനം " . ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടണമെങ്കിൽ ഗുരുവിന്റെ ഈ ദർശനം അറിഞ്ഞു അത് സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയണം .

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ മെയ് 24 ഞായറാഴ്ച നടന്ന സത്സംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ

ശ്രീ.മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്‌സംഗത്തിൽ , ശ്രീ . ജോലാൽ കരുണാകരൻ സ്വാഗതം ആശംസിച്ചു . തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു . ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികൾ സത്‌സംഗത്തിന്റെ സമ്പൂർണ്ണതയുടെ ഘടകങ്ങൾ , മനുഷ്യത്വം , മുമുക്ഷത്വം , മഹാപുരുഷ സംശ്രയം എന്നിവയാണെന്നു ഓർമിപ്പിച്ചു . ഗുരുദേവന്റെ കൃതികൾ പാരായണം ചെയ്യപ്പെടുകയും , അതിനെ പഠനവിധേയമാക്കുകയും ചെയ്യുന്ന ഈ സത്സംഗം അതിന്റെ പൂർണാനുഭവത്തിൽ എത്താൻ യോഗ്യമെന്ന് അഭിപ്രായപ്പെട്ടു .

തുടർന്ന് , ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികളുടെ പ്രൗഢഗംഭീരമായ. ഗുരു ഏതെങ്കിലും ഒരു ദർശനത്തെ പിന്തുടരുക ആയിരുന്നില്ല . തന്റെ ആത്മതപസ്സിൽ നേടിയ സത്യസാക്ഷാത്കാരം ,ഒരു ഉറവപൊട്ടി ഒഴുകുന്നതുപോലെ ബഹിർസ്ഫുരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ, ആ ദർശനം മൗലികമാണ് . ഈ ഏകത്വദർശനം ഗുരുവിൽ ഒരു പൂവിരിയുന്നതു പോലെ സ്വാഭാവികമായി നിറഞ്ഞു നിന്നിരുന്നു . ആ സ്വാനുഭൂതിയിൽ നിന്നുകൊണ്ടാണ് ഗുരു തന്റെ ദർശനം അവതരിപ്പിച്ചത് .

ഒരു ദാർശനികൻ എന്ന നിലയിലുള്ള ഗുരുവിന്റെ സംഭാവനകൾ എന്താണെന്നു ചിന്തിക്കുമ്പോൾ , അല്ലെങ്കിൽ ഭാരതീയ അദ്ധ്യാത്മ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം എവിടെ എന്ന് നോക്കുമ്പോൾ ഗുരുദേവകൃതികളിലേക്കു ആഴത്തിൽ ഇറങ്ങിച്ചെല്ലുക എന്നത് മാത്രമാണ് അഭികാമ്യം .

ഗുരുദേവൻ എഴുതിയ വളരെ പ്രസിദ്ധമായ മന്ത്രമാണ് "ഹോമമന്ത്രം"
ഗുരുദേവൻ ഈ മന്ത്രം എഴുതാൻ ഇടയായ സാഹചര്യം വിവരിച്ച സ്വാമിജി ,ഭാരതത്തിലെ ഋഷിശ്വരന്മാർക്കു ഇറങ്ങി ചെല്ലാൻ കഴിയാത്ത സത്യസാക്ഷാത്കാരത്തിന്റെ ആഴത്തിലും , സൂക്ഷ്മതയിലും ഗുരുദേവൻ എത്തിയിരുന്നു എന്ന് ഓർമിപ്പിച്ചു . ഒരു മഹാ ഋഷിക്ക് മാത്രമേ ഇത്തരത്തിൽ മന്ത്രദൃഷ്ടാവ് ആകുവാൻ സാധിക്കുകയുളൂ . അഗ്നിയെ പ്രത്യക്ഷ ബ്രഹ്മമായി കണ്ട് അതിൽ വിഷയസുഖങ്ങളിലേക്കു ബലമായി വലിച്ചുകൊണ്ടുപോകുന്ന ഏഴു ഇന്ദ്രിയങ്ങളെയും , ഞാൻ എന്ന അഹംകാരത്തെയും ഹോമിച്ചു , തങ്ങൾക്കു ശ്രേയസിനും , പ്രേയസിനും വഴി കാണിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന മന്ത്രം . ഇങ്ങനെയുള്ള ഗുരുദേവൻ ഇരുപതാം നൂറ്റാണ്ടിലെ ഭാരതീയ ഋഷിത്വത്തിന്റെ പൂർണ്ണത ആണ് .

ഗുരുദേവന്റെ മറ്റൊരു കൃതിയായ "വേദാന്ത സൂത്രം " ,സൂത്രഭാഷയിൽ ഉപനിഷത് സത്യത്തെ മുൻനിർത്തി രചിക്കപ്പെട്ടിട്ടുള്ള അമൂല്യമായ ഒരു വേദാന്ത കൃതിയാണ് . ഭാരതത്തിന്റെ പൂർവ്വസൂരികളായ ഋഷിമാർ സൂത്രഭാഷയിൽ ആണ് ഭാരതീയ ദര്ശനങ്ങൾ രചിച്ചിട്ടുള്ളത് . കപിലഋഷി യുടെ സാംഖ്യാ സൂത്രവും പതഞ്‌ജലി മഹർഷിയുടെ യോഗസൂത്രവും ഉദാഹരണങ്ങളായി സ്വാമിജി വിവരിച്ചു . എന്നാൽ വേദാന്തത്തിൽ 2500 വര്ഷങ്ങള്ക്കു മുമ്പ് ബാദരായണമഹർഷി രചിച്ച ബ്രഹ്മസൂത്രം കഴിഞ്ഞാൽ സൂത്രഭാഷയിൽ ബ്രഹ്മവിദ്യ അധികരിച്ചു കൃതി രചിച്ചത് ഗുരുദേവൻ മാത്രമാണ് . ആ മഹാഗുരുവിന്റെ സ്ഥാനം ഈശ്വര തുല്യരായ മഹാഋഷിമാർക്ക് കൂടെയാണ് . ഗുരുദേവൻ കേരളത്തിലെ ഒരു കോണിൽ ജനിച്ച ആത്മീയ ഗുരുവല്ല , മറിച്ചു ഭാരതീയ ദർശനങ്ങളുടെ ഉത്തുംഗത്തിൽ എത്തിനിൽക്കുന്ന ഒരു മഹാ ഋഷിവര്യനാണ് .

ഗുരുദേവന്റെ മറ്റൊരു കൃതിയായ "ദർശനമാല " അദ്വൈത ദർശനത്തെ പത്തു വീക്ഷണ കോണിൽ കൂടി നോക്കിക്കാണുന്ന ഒരു കൃതിയാണ് . ഇതിലെ "ഭാനദർശനം " ഗുരുദേവന്റെ മൗലികമായ സംഭാവനയാണ് . അദ്വൈത ദർശനത്തെ അറിയാൻ ആഗ്രഹിക്കുന്ന ഒരു മുമുക്ഷുവിന് ഗുരുദേവ രചയിതമായ ഈ കൃതി അക്ഷയനിധിയാണ് .

രാജവിദ്യ ആയ ബ്രഹ്മവിദ്യയെ അഞ്ചു ശ്ലോകങ്ങളിയായി പൂർത്തി ചെയ്ത ഗുരുദേവ കൃതിയാണ് "ബ്രഹ്മവിദ്യാ പഞ്ചകം". ഒരു ഹിമബിന്ദുവിൽ ഈ പ്രപഞ്ചം മുഴുവൻ പ്രതിഫലിക്കുന്നത് പോലെ ബ്രഹ്മവിദ്യയെ അതിന്റെ പൂർണ്ണത്വത്തിൽ കളങ്കലേശമന്യേ അവതരിപ്പിച്ചിരിക്കുകയാണ് ഗുരുദേവൻ .


ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രീയത ഉൾക്കൊണ്ടുകൊണ്ട് ഒരു ശാസ്ത്രകാരൻ എങ്ങനെ ഒരു പരീക്ഷണത്തിലൂടെ തന്റെ ഉത്തരം കണ്ടെത്തുന്നുവോ , അതുപോലെ ആത്മാവ് എന്തെന്ന് ഗുരുദേവൻ "ആത്മോപദേശ ശതകം " എന്ന അതിഗംഭീരകൃതിയിൽ വിവരിക്കുന്നു .

"ഇരുളിലിരിപ്പവനാര് ?ചൊല്ക നീയെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോട് നീയുമാരെ
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും ."

ഈ ചോദ്യത്തിന് ഇരുവരുടെയും ഉത്തരം "ഞാൻ "ആണ് എന്നതാണ് .
ഈ അഹം അഹം എന്ന് അരുളുന്നത് ഒക്കെ ആരാഞ്ഞു നോക്കിയാൽ അത് പലതല്ല എന്ന് അറിഞ്ഞിടും എന്ന് അരുളിച്ചെയ്ത ഗുരുദേവൻ, ആത്മാവിനെ പൂർണ്ണമായി നിർവ്വചിച്ചു .

"ഇരുളിലിരുന്നറിയുന്നതാകുമാത്മ "

ഇന്ദ്രിയങ്ങളുടെയോ , മനസ്സിന്റെയൊ , ബുദ്ധിയുടെയോ , ഉപയോഗമില്ലാത്ത ഇരുപ്പു മാത്രമായി , അസ്തിത്വമായി , ഉണ്മയായി , ഞാൻ എന്ന കേവല അനുഭവമായി , ചിത്സ്വരൂപമായി അറിയുന്ന ,ആ അഹം സ്പൂര്ത്തി . അതാണ് ആത്മ . ഇതിൽ കൂടുതൽ വ്യക്തമായി ഒരു ഋഷി എങ്ങനെ ആത്മാവിനെ നിർവചിക്കും .

അദ്വയമായ സത്യസാക്ഷാത്കാരം നേടിയ ഗുരുദേവൻ അത് തന്റെ അനുഭവത്തിലും കൃതികളിലും മാത്രമായി നിർത്തുക ആയിരുന്നില്ല . പരമകൃപയാൽ ലോകത്തേക്ക് ഇറങ്ങിവന്നു ധർമ്മ സംസ്ഥാപനം നടത്തിയ അവതാരപുരുഷനായി മാറി . തന്നിൽനിന്ന് അന്യമായി ഒന്നും ഇല്ല എന്ന് അറിഞ്ഞനുഭവിച്ചു സഹജീവികളോട് അരുളും , അൻപും , അനുകമ്പയും നിറച്ചു ജീവിതത്തിനു പൂർണ്ണത എവിടെയാണ് എന്ന് കാണിച്ചു തന്നു . മനുഷ്യരോട് മാത്രമല്ല സർവ്വ ഭൂതങ്ങളും തന്നിൽ ദർശിക്കുന്നതായിരുന്നു ഗുരുദേവന്റെ "ഏകലോക ദർശനം ". ഈ ലോകജീവിതം സാർത്ഥകമാകാൻ ഗുരുദേവൻ എന്ന മഹാഋഷി ലോകത്തിനു നൽകിയ ഏകലോക ദർശനം ,പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ഈ സത്സംഗം ഉപകാരപ്പെടട്ടെ എന്ന് സ്വാമിജി ആശംസിച്ചു .

പിന്നീട് ,സത്‌സംഗത്തിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചത് , മുംബൈ ശ്രീനാരായണ മന്ദിരം സമിതിയുടെ ചെയർമാനും , ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ കമ്മറ്റി ചെയർമാനുമായ ശ്രീ .എം.ഐ ദാമോദരൻ സാർ ആയിരുന്നു. ഗുരുദേവ സന്ദേശങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തേണ്ടതിന്റെ കാലിക പ്രസക്തി എടുത്തു പറഞ്ഞ അദ്ദേഹം , . ഗുരുദേവൻ താൻ കണ്ടെത്തിയ സത്യം ലോകജീവിതത്തിൽ പകർത്തിയ ഗുരുവാണ് എന്ന് പറയുകയുണ്ടായി. . ഭേദചിന്തയും , രാഗദ്വേഷവുമില്ലാതെ , അപരന്റെ സുഖം തന്റെ സുഖം എന്നറിഞ്ഞു കൊണ്ട് ഈ കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽ നിസ്വാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുധർമ പ്രചാരണ സഭയുടെ പ്രവർത്തനങ്ങളെ സ്ലാഘിക്കുകയുണ്ടായി . അദ്ദേഹത്തിന്റെ വാക്കുകൾ ഗുരുദേവധർമ്മം പുലരുന്നതിന്റെ ദൃഷ്ടാന്തം ആയിരുന്നു .

ഫിലാഡൽഫിയയിൽ നിന്നും ശ്രീമതി ലക്ഷ്മി ശ്രീധരനും സത്‌സംഗത്തിനു ആശംസകൾ അർപ്പിച്ചു .ഗുജറാത്തിൽ നിന്നുമുള്ള അമ്പിളി ഗോപകുമാർ ഇന്ദ്രിയവൈരാഗ്യം അതിമനോഹരമായി ആലപിച്ചു . ഡാളസിൽ നിന്നുള്ള ശ്രീമതി ഇന്ദിരാമ്മ രചിച്ച കൃതി ,അർത്ഥവത്തായി ആലാപനം ചെയ്തു .

ശ്രീമതി മിനി അനിരുദ്ധൻ സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം

അടുത്ത ആഴ്ച, മെയ് 31 നു (ഞായർ) ശ്രീമദ് സത്യാനന്ദതീർത്ഥർ സ്വാമികൾ നമ്മോട് സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ