"നഴ്സിംഗ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ലെന്ന്'
Thursday, May 28, 2020 12:27 AM IST
ഒന്‍റാരിയോ: കെയര്‍ ഹോമുകളിലെ ദുസഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈന്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന ജോലിക്കാർക്ക് കൃത്യമായ രീതിയിൽ ട്രെയിനിംഗ് കൊടുക്കുവാൻ വേണ്ടപ്പെട്ടവർ തയാറാകാത്തതും കൂടുതൽ മരണത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാളികൾ കൂടുതൽ ജോലി ചെയ്യുന്ന പ്രവിശ്യയിലെ അഞ്ച് ദീര്‍ഘകാല കെയര്‍ ഹോമുകളാണ് സൈനിക സംഘം നിരീക്ഷണം നടത്തിയത്. നിലവാരമില്ലാത്ത അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, അന്തേവാസികളോടുള്ള മോശം പെരുമാറ്റം, ദുസഹമായ സംരക്ഷണ രീതി എന്നിവയാണ് കെയര്‍ ഹോമുകളില്‍ പരിശോധനയിൽ നിരീക്ഷക സംഘം കണ്ടെത്തിയതെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണുബാധ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ഉപാധികളാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ പ്രാധാന്യമോ അവ എങ്ങനെ കൃത്യമായി ധരിക്കണമെന്നതിനെക്കുറിച്ചോ ജീവനക്കാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.

പാറ്റയും പ്രാണികളുമൊക്കെ നിറഞ്ഞിരുന്നതായും പഴകിയ ഭക്ഷണങ്ങളും അഴുക്കുപുരണ്ട ഡയപ്പറുകളും ഉള്‍പ്പെടെ കൂട്ടിയിട്ട അവസ്ഥയിലുമായിരുന്നു. ചിലയിടങ്ങളില്‍ ആഴ്ചകളായി അന്തേവാസികളെ കുളിപ്പിച്ചിരുന്നില്ലെന്നും സൈനിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചയാളെയും മറ്റുള്ളവരെയും തമ്മില്‍ വെറും കര്‍ട്ടന്‍ ഉപയോഗിച്ചുമാത്രം വേര്‍തിരിച്ചാണ് താമസിപ്പിച്ചിരുന്നതെന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ഷിബു കിഴക്കേകുറ്റ്