പ്രവാസി വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
Monday, May 25, 2020 8:59 AM IST
കാനഡ/അമേരിക്ക: കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദേശത്തു താമസിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ ലോണുകൾക്കും ഇതര ലോണുകൾക്കും പലിശയിളവും മൊറട്ടോറിയവും ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നോർത്ത് അമേരിക്കൻ മലാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ വിദ്യാർഥികളുടെ പ്രയാസം മനസിലാക്കുന്നുവെന്നു പ്രതികരിച്ച മുഖ്യമന്ത്രി, നിലവിൽ വായ്പ തിരിച്ചടവിനു ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ പലിശ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ കോ-ഓർഡിനേറ്റർ ബൈജു പകലോമറ്റത്തിന്‍റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഇന്ത്യൻ മാധ്യമപ്രവർത്തന മേഖലയിലേക്കു കൂടുതൽ ആളുകളെ പരിശീലിപ്പിക്കുന്നതിനുമായി 2013ൽ സ്ഥാപിച്ച സംഘടനയാണ് ഇന്തോ അമേരിക്കൻ പ്രസ്ക്ലബ്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കിടയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും തൊഴിൽ സാഹചര്യവും നിലവാരവും ഉയർത്തുന്നതിനുമായി നിരവധി പ്രവർത്തനങ്ങളാണ് ഐഎപിസി നടത്തിവരുന്നത്. ഐഎപിസി നാഷണൽ കോ ഓർഡിനേറ്ററായ ബൈജു പകലോമറ്റത്തെയാണ് മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിനു ഐഎപിസി ചുമതലപ്പെടുത്തിയത്.

ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ജോസഫ് ചാലിൽ, വൈസ് ചെയർമാൻ ഡോ. മാത്യു ജോയ്സ്, ഇന്തോഅമേരിക്കൻ പ്രസ്ക്ലബ് ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, നാഷണൽ പ്രസിഡന്‍റ് ഡോ. എസ്.എസ് ലാൽ, നാഷണൽ ജനറൽ സെക്രട്ടറി ബിജു ചാക്കോ, നാഷണൽ ട്രഷറർ രജി ഫിലിപ്പ് , ഡയറക്ടർ ബോർഡ് സെക്രട്ടറി മാത്യു കുട്ടി ഈശോ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. ബൈജു പി .വി, തമ്പാനൂർ മോഹൻ, മിനി നായർ, പ്രസ്സ് ക്ലബ് ഭാരവാഹിയായ ആഷ് ലി ജോസഫ്, ടൊറന്‍റോ ചാപ്റ്റർ പ്രസിഡന്‍റ് ബിൻസ് മണ്ഡപം, നയാഗ്ര ഫാൾസ് ചാപ്റ്റർ പ്രസിഡന്‍റ് ആസാദ് ജയൻ, അൽബെർട്ട ചാപ്റ്റർ പ്രസിഡന്റ് ജോസഫ് ജോൺ, വാൻകൂവർ ചാപ്റ്റർ പ്രസിഡന്‍റ് മഞ്ജു കോരത് എന്നിവരും പ്രവാസികളായ മലയാളി വിദ്യാർഥികളും നോർത്ത് അമേരിക്കയിലുള്ള നിരവധി സംഘടന നേതാക്കളും പ്രവാസി വിദ്യാർഥികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ബൈജു പകലോമറ്റത്തിന് ആശംസകൾ നേർന്നു. നയാഗ്ര മലയാളി സമാജം പ്രസിഡന്‍റും ഫൊക്കാന റീജണൽ പ്രസിഡന്‍റു കൂടിയാണ് ബൈജു പകലോമറ്റം.

റിപ്പോർട്ട്: ആസാദ് ജയൻ