ഹവായ് ഡമോക്രാറ്റിക് പ്രൈമറിയിൽ ബൈഡനു വിജയം
Sunday, May 24, 2020 9:37 PM IST
ഹവായ്: ഹവായ് സംസ്ഥാനത്ത് മേയ് 22 നു നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജൊ ബൈഡനു വിജയം. പോൾ ചെയ്ത വോട്ടുകളിൽ 63.2 ശതമാനം വോട്ടുകൾ നേടിയാണ് ബൈഡൻ തൊട്ടടുത്ത എതിർ സ്ഥാനാർഥി ബെർണി സാന്‍റേഴ്സിനെ പരാജയപ്പെടുത്തിയത്. ബെർണിക്ക് 36.8 ശതമാനം വോട്ടുകൾ ലഭിച്ചു.

ഇനിയും നടക്കുന്ന പ്രൈമറിയിൽ ജൊ ബൈഡനു സ്ഥാനാർഥിത്വം ഉറപ്പാക്കണമെങ്കിൽ 440 ഡെലിഗേറ്റുകളുടെ പിന്തുണ കൂടി ലഭിക്കണം.

ഏപ്രിൽ നാലിനായിരുന്നു ഹവായ് പ്രൈമറി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചു മേയ് 22 വരെ വോട്ടു ചെയ്യുന്നതിനുള്ള അവസരം ലഭിച്ചിരുന്നു.


79000 ബാലറ്റുകൾ വോട്ടർമാർക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും 35000 ബാലറ്റുകൾ മാത്രമാണ് തിരികെ ലഭിച്ചതെന്നു ഡമോക്രാറ്റിക് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.

ഒറിഗണിൽ ഈ ആഴ്ച ആദ്യം നടന്ന പോസ്റ്റൽ ബാലറ്റ് വോട്ടിംഗിലും ബൈഡനു തന്നെയായിരുന്നു ജയം. ഇതോടെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ബൈഡൻ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി.

‌റിപ്പോർട്ട്: പി.പി. ചെറിയാൻ