കോവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവർ ഡോക്ടർമാരെ സമീപിക്കണം
Wednesday, March 25, 2020 2:06 AM IST
സാൾട്ട് ലേക്ക് സിറ്റി: രുചിയും മണവും നഷ്ടപ്പെട്ടു എന്നു തോന്നിയാൽ ഉടൻ സമീപത്തുള്ള ഡോക്ടറന്മാരെ സമീപിച്ചു വിദഗ്ധ പരിശോധനക്ക് വിധേയമാകണമെന്നു അമേരിക്കൻ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രുചിയും മണവും നഷ്ടപ്പെടുക എന്നത്. ഇങ്ങനെയുള്ളവർ ഉടൻതന്നെ സ്വയം ഐസലേഷനിൽ പ്രവേശിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

മാർച്ച് 22 നാണ് ഇതു സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പു നൽകിയിരിക്കുന്നത്.അമേരിക്കൻ അക്കാഡമി ഓഫ് ഒട്ടൊ ലാറിൻജോളജി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗവുമായി സഹകരിച്ചു അമേരിക്കൻ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് വൈറസിന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണെന്ന് കണ്ടെത്തിയത്.

അനോസ്മിയ(ANOSMIA)എന്ന പേരിൽ അറിയപ്പെടുന്ന മണം നഷ്ടപ്പെടൽ കൊറോണ വൈറസ് പോസീറ്റിവായ രോഗികളിൽ ധാരാളം കണ്ടുവരുന്നതാണെന്ന് അധികൃതർ ചൂണ്ടികാട്ടി. ചുമയും പനിയും സാധാരണയായ രോഗികളിൽ കണ്ടുവരുന്ന ഒന്നാണെങ്കിലും കൊറോണ വൈറസിനും ഇതൊരു കാരണമാണെന്നു മെഡിക്കൽ അധികൃതർ പറഞ്ഞു.

യുട്ടായിലെ ജാസ് സ്റ്റാർ റൂഡി ഗോബർട്ടിന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയപ്പോൾ രുചിയും മണവും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നുവെന്ന് റൂഡി പറയുന്നു. നാലു ദിവസം ഈ അവസ്ഥയിലായിരുന്നുവെന്നും ആരെങ്കിലും ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ ഇതൊരു മുന്നറിയിപ്പായി കണ്ട് വിദഗ്ധ ചികിത്സ തേടണമെന്നും ഗോബർട്ട് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ