പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ളും നി​ര​സി​ച്ച് സ്വി​സ് വോ​ട്ട​ർ​മാ​ർ
Thursday, September 26, 2024 4:27 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ജ​നീ​വ: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​വും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ നി​ര​സി​ച്ച് സ്വി​സ് വോ​ട്ട​ർ​മാ​ർ. ഈ ​മാ​സം 22ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പെ​ന്‍​ഷ​ന്‍ ധ​ന​സ​ഹാ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​യോ​ടെ പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് നി​ര​സി​ക്ക​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് 60 ശ​ത​മാ​നം വോ​ട്ട​ര്‍​മാ​രാ​ണ് ഇ​തി​ന് പ്ര​തി​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്ത​ത്. പ്ര​കൃ​തി പ​രി​ഷ്ക​ര​ണ നി​ർ​ദ്ദേ​ശ​ത്തി​ന് പ്രോ ​നാ​ച്ചു​റ, ബേ​ർ​ഡ് ലൈ​ഫ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.


ജൈ​വ​വൈ​വി​ധ്യ ബ​ജ​റ്റ് വ​ർ​ധി​പ്പി​ക്കാ​നും സം​ര​ക്ഷി​ത മേ​ഖ​ല​ക​ളു​ടെ എ​ണ്ണം വി​പു​ലീ​ക​രി​ക്കാ​നു​മാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ നി​ല​വി​ൽ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 600 ദ​ശ​ല​ക്ഷം സ്വി​സ് ഫ്രാ​ങ്കു​ക​ൾ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ പെ​ൻ​ഷ​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും വോ​ട്ട​ർ​മാ​ർ നി​ര​സി​ച്ചു. 67.1 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് ഇ​തി​നെ​തി​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.