സമീക്ഷ യുകെ വടംവലി ടൂർണമെന്‍റ് ശനിയാഴ്ച വിഥൻഷോയിൽ
Friday, September 6, 2024 7:11 AM IST
വിഥൻഷോ: വയനാട് ദുരിതബാധിതർക്ക് സഹായം നൽകുന്നതിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്‍റ് ശനിയാഴ്ച വിഥൻഷോയിൽ വച്ച് നടക്കപ്പെടും. ടൂർണമെന്‍റിൽ നിന്നുള്ള വരുമാനം മുഴുവൻ വയനാടിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. പ്രത്യേകിച്ച്, മുണ്ടക്കൈയിലെ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമിക്കുന്നതിനായി ഈ തുക മാറ്റിവയ്ക്കും.

പ്രശസ്ത നടൻ മിഥുൻ രമേശ് മാഞ്ചസ്റ്ററിൽ വച്ച് ടൂർണമെന്‍റിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് വിഥൻഷോ പാർക്ക് അത്ലറ്റീക് സെന്‍ററിൽ വച്ച് മത്സരം ആരംഭിക്കും. 20 ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരത്തിൽ വിജയികൾക്ക് നാലായിരത്തോളം പൗണ്ട് സമ്മാനത്തുകയും ട്രോഫിയും ലഭിക്കും.


മത്സരം കാണാൻ വരുന്നവർക്ക് കേരളീയ ഭക്ഷണവും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോകനിലവരത്തിലുള്ള കോർട്ടിൽ നടക്കുന്ന ഈ മത്സരത്തിന് പത്തോളം സബ് കമ്മിറ്റികളിലായി നൂറിലധികം വെളാന്‍റീയർമാർ പ്രവർത്തിക്കുന്നു. ലൈഫ് ലൈൻ ഇൻഷുറൻസ് സർവീസ്, ഡെയ്​ലി ഡിലൈറ്റ് ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ ആന്‍ഡ് അക്കൌണ്ടൻസി സൊലൂഷൻസ്, ലെജന്‍റ് സോളിസിറ്റേഴ്സ് എന്നിവരാണ് ഈ പരിപാടിയുടെ പ്രായോജകർ.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷനല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ ബന്ധപ്പെടുക.