ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ അസോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷന്റെ 12-ാം വാർഷികവും തിരുവോണവും ശനിയാഴ്ച്ച അതിവിപുലമായി ആഘോഷിക്കുന്നു.
മാസ്റ്റൻ "ഓണം പൊന്നോണം 2023'ത്തിന് ബെഡ്ഫോർഡിലെ അഡിസൺ സെന്റർ വേദിയാവും. അത്തപ്പൂക്കളം ഇട്ട ശേഷം ഉച്ചയ്ക്ക് 12ന് ബിഎംകെഎ കിച്ചൺ തയാറാക്കുന്ന 30 ഓളം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണസദ്യ തൂശനിലയിൽ വിളമ്പും.
മാസ്റ്റൻ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബെഡ്ഫോർഡ് ബോറോ കൌൺസിൽ ന്യൂ മേയർ ടോം വൂട്ടൻ, ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റാൻ മെമ്പർ ഓഫ് പാർലമെന്റ് മുഹമ്മദ് യാസിൻ, യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ ഭദ്രദീപം തെളിയിച്ചു ഓണോത്സവം ഉദ്ഘാടനം ചെയ്യും.
ബിഎംകെഎ അംഗങ്ങളും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന കലാമാസ്മരിക വിരുന്നിൽ വെൽക്കം ഡാൻസ്, തിരുവാതിര, ചെണ്ടമേളം, വള്ളംകളി,വടം വലി, കഥകളി, പുലികളി, ഫാഷൻ ഷോ, സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവ അരങ്ങേറും. ആന്റോ ബാബു, ടീന ആശിഷ്, ജ്യോതി ജോസ് എന്നിവർ അവതാരകരാവും.
ഓണാഘോഷവും വാർഷികവും വർണ്ണാഭവമാക്കുവാൻ എച്ച്ഡി, എൽഇഡി വാളും, ആധുനിക ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും, ലൈവ് ടെലികാസ്റ്റും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ലൈവ് ഫോട്ടോസ് ഫ്രെയിം ചെയ്തു നൽകുന്ന ഫോട്ടോ സ്റ്റുഡിയോയും വേദിയോട് ചേർന്ന് പ്രവർത്തിക്കും.
പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ബിഎംകെഎ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. ഈവനിംഗ് ഡിന്നറിനു ശേഷം ക്രമീകരിച്ചിരിക്കുന്ന ഡിജെയോടുകൂടി ഓണാഘോഷങ്ങൾ സമാപിക്കും.
വേദിയുടെ വിലാസം: Addison Centre, Kempston, Bedford MK42 8PN.