ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം ; രണ്ടു പേര്‍ മരിച്ചു
Friday, January 27, 2023 6:09 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയിലെ കീലിനും ഹാംബുര്‍ഗിനും ഇടയില്‍ ബ്രോക്സ്റ്റഡിലെ ഒരു പ്രാദേശിക ട്രെയിനില്‍ ഉണ്ടായ കത്തി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

കീലില്‍ നിന്ന് ഹാംബര്‍ഗിലേക്കുള്ള റീജിയണല്‍ ട്രെയിന്‍ ആര്‍ഇ 7 ല്‍ ബ്രോക്സ്റെറഡിലെ സ്റ്റേഷനില്‍ ബുധനാഴ്ചയുണ്ടായ കത്തി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 16 വയസുള്ള കൗമാരക്കാരിയും 19 കാരൻ യുവാവുമാണ് മരിച്ചത്. മറ്റൊരാള്‍ നിലവില്‍ ഗുരുതാരാവസ്ഥയിലാണ്.

കീലില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള "റീജിയണല്‍ എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ തന്നെ അക്രമി ആക്രമണം തുടങ്ങിയിരുന്നു. ട്രെയിനില്‍ പരിഭ്രാന്തി ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

അക്രമി സിറിയക്കാരനാണെന്നാണ് പൊലീസ് പറയുന്ന വിവരം. വിവരങ്ങള്‍ അനുസരിച്ച്, 33 കാരനായ പ്രതി അക്രമപരവും ലൈംഗികവുമായ കുറ്റകൃത്യങ്ങള്‍ക്ക് ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറ് ദിവസം മുമ്പും കസ്ററഡിയിലായിരുന്നു.

സംഭവം നടന്നയുടനെ, ബ്രോക്സ്റ്റൈഡിലെ റെയില്‍വേ സ്റേറഷനില്‍ പോലീസ് എത്തുന്നതുവരെ മറ്റു യാത്രക്കാര്‍ പ്രതിയെ തഞ്ഞെു വെച്ചിരുന്നതുകൊണ്ട് പോലീസെത്തിയയുടനെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. കുറ്റവാളിയുടെ പക്കലുണ്ടായിരുന്ന താല്‍കാലിക താമസാനുമതിയയില്‍ നിന്നാണ് പ്രതിയുടെ വിവരങ്ങള്‍. ഇയാളെ തുടര്‍ന്ന് ചോദ്യം ചെയ്യും. കൂടാതെ സാക്ഷികളെയും വന്‍തോതില്‍ ചോദ്യം ചെയ്യുന്നുണ്ട്. 

പ്രദേശിക സമയം ഉച്ചകഴിഞ്ഞാണ് സംഭവം. ഷ്ളേസ്വിഗ് ഹോള്‍സ്റ്റൈന്‍ ആഭ്യന്തര മന്ത്രി സബിന്‍ സട്ടര്‍ലിന്‍ സംഭവം സ്ഥിരീകരിച്ചു. സ്റ്റേഷനില്‍ പോലീസിന്‍റെ വലിയ തോതിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍, ഹാംബുര്‍ഗിനും കീലിനും ഇടയില്‍ ദീര്‍ഘദൂര ട്രെയിന്‍ റദ്ദാക്കി.