മൈഗ്രന്‍റ് നഴ്സസ് അയർലൻഡ് നാഷണൽ കോണ്‍ഫറൻസ് ജനുവരി 21ന്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, January 17, 2023 3:24 AM IST
ജെയ്സണ്‍ കിഴക്കയിൽ
ഡബ്ലിൻ: മൈഗ്രന്‍റ് നഴ്സസ് അയർലൻഡി(എംഎൻഐ)ന്‍റെ പ്രഥമ ദേശീയ സമ്മേളനം പ്രൗഢഗംഭീരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈഫ്സ് ഓർഗനൈസേഷന്‍റെ (INMO) നാഷണൽ ഹെഡ്ക്വാർട്ടേഴ്സ് ആയ ചരിത്രമുറങ്ങുന്ന ഡബ്ലിൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന റിച്ച്മണ്ട്സ് ബിൽഡിങ്ങിൽ വച്ച് ജനുവരി 21 ശനിയാഴ്ച നടത്തപ്പെടുന്ന സമ്മേളനത്തിൽ ഇന്ത്യയുടേയും ഫിലിപ്പീൻസിന്‍റെയും അംബാസഡർമാർക്കു പുറമെ ഐഎൻഎംഒ ജനറൽ സെക്രട്ടറി, ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷൻ പ്രതിനിധികൾ, അസോസിയേഷൻ ഓഫ് നൈജീരിയൻ നഴ്സസ് ഓഫ് അയർലൻഡ് പ്രസിഡന്‍റ്, ഫിലിപ്പിനോ നഴ്സസ് അയർലൻഡ് പ്രസിഡന്‍റ്, നഴ്സിംഗ് ഹോം അയർലൻഡ(എൻഎച്ച്ഐ)പ്രതിനിധികൾ എന്നിവർ സാന്നിധ്യം വഹിക്കും.

അസോസിയേഷൻ ഓഫ് നൈജീരിയൻ നഴ്സസ് ഓഫ് അയർലൻഡ് പ്രസിഡന്‍റ് ഒലായിങ്ക ആറേമു സമത്വം, വൈവിധ്യം, ഉൾപ്പെടുത്തൽ എന്ന സമ്മേളനത്തിന്‍റെ പ്രമേയത്തെ അധികരിച്ചു പ്രഭാഷണം നടത്തും. അതോടൊപ്പം ഫിലിപ്പിനോ നഴ്സസ് അയർലൻഡ് പ്രസിഡന്‍റ് മൈക്കൽ ബ്രയാൻ സ്വകാര്യമേഖലയിലെ പ്രവാസ നഴ്സുമാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കും. ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷൻ പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കുന്ന രണ്ടു സോളിസിറ്റർമാർ നടത്തുന്ന പ്രഭാഷണം നഴ്സുമാർക്ക് തങ്ങളുടെ നിയമാവകാശങ്ങൾ മനസിലാക്കുന്നതിനു സഹായിക്കും.

അംഗങ്ങൾക്ക് ഫ്രീ ആയി നിയമസഹായം നൽകാൻ നേരത്തെ ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷനുമായി എംഎൻഐ ധാരണയിലെത്തിയിരുന്നു. കൂടാതെ നഴ്സിംഗ് ഹോം അയർലൻഡ് പ്രതിനിധികളും (എൻഎച്ച്ഐ) സമ്മേളനത്തിൽ പങ്കെടുക്കുന്നതായിരിക്കും. രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു വൈകീട്ട് 6 മണിയോട് കൂടി സമാപിക്കുന്ന സമ്മേളനത്തിന് മികച്ച കലാപരിപാടികൾ മാറ്റു കൂട്ടും. രാവിലത്തെ പ്രതിനിധി സമ്മേളനം നഴ്സുമാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്പോൾ ഇന്ത്യൻ അംബാസഡറും ഫിലിപ്പീൻസ് കോണ്‍സുലാർ ജനറലും പങ്കെടുക്കുന്ന ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കും. സമ്മേളന പ്രതിനിധികൾക്കുള്ള പാർക്കിംഗ്, ട്രാൻസ്പോർട് സൗകര്യങ്ങൾ ലഭ്യമാണ്. പൊതുജനങ്ങൾക്ക് പരിമിതമായ ഫ്രീ പാർക്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സമ്മേളനം വിജയകരമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.