ബോൾട്ടൺ സെന്‍റ് ആൻ മിഷൻ ഉദ്ഘാടനവും തിരുനാളും സെപ്റ്റംബർ 25 ന്
Friday, September 23, 2022 10:59 AM IST
ഷൈമോൻ തോട്ടുങ്കൽ
ബോൾട്ടൻ . 20 വർഷത്തിലധികമായി നിരവധി വൈദികരുടെ ആത്മീയ നേതൃത്വത്തിലും ദൈവജനത്തിന്‍റെ പരിപൂർണ്ണ സഹകരണത്തിലും വിശ്വാസ പരിശീലനത്തിലും വിശ്വാസ കൈമാറ്റത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന ബോൾട്ടൺ, റോച്ചിടെയിൽ, ബറി എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന ബോൾട്ടൺ സെന്റ് ആൻ മിഷന്‍റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി സെപ്റ്റംബർ 25 ഞായർ 2:30 ന് ഔർ ലേഡി ഓഫ് ലൂർദ്ദ് ചർച്ചിൽ (BL4 0BR) നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സാൽഫോഡ് രൂപതാദ്ധ്യക്ഷൻ ജോൺ അർനോൾഡ് പിതാവ് വചന സന്ദേശം നൽകും. സമീപ പ്രദേശങ്ങളിലെ വൈദികരുടെ സാന്നിദ്ധ്യവും തിരുനാളിനുണ്ടാകും. തിരുനാളിന് ആരംഭം കുറിച്ച് സെപ്റ്റംബർ 23 വെള്ളിയാഴ്ച ഫാ.ഡേവിഡ് കൊടിയേറ്റും. തുടർന്ന് ഫാൻസ്വ പത്തിൽ അച്ചൻ വി. കുർബാന അർപ്പിക്കും.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 25 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലഭിഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും. മിഷൻ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാൻ ട്രസ്റ്റിമാരായ ഷോജി തോമസ് (07454370299), ഷാജി ജോസ് (07548698382) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുനാളിലും വി.കുർബാനയിലും പങ്കെടുത്ത് ദൈവത്തിന് നന്ദി പറയുവാനും അന്ന പുണ്യവതിയുടെയും പരി. കന്യകാമറിയത്തിന്‍റേയും മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി മിഷൻ കോഡിനേറ്റർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു