സ്റ്റീവനേജിൽ മതബോധന വർഷാരംഭവും ’ലിറ്റർജിക്കൽ സ്പിരിച്വാലിറ്റി’ ക്ലാസും നടത്തി
Wednesday, September 21, 2022 10:35 PM IST
അപ്പച്ചൻ കണ്ണൻചിറ
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ സ്റ്റീവനേജ് സെന്‍റ് സേവ്യർ പ്രൊപോസ്ഡ് മിഷൻ സെന്‍ററിൽ വിശുദ്ധ കുർബാനയും, മതബോധന സ്കൂൾ പുതുവർഷാരംഭവും ’ലിറ്റർജിക്കൽ സ്പിരിച്വാലിറ്റി’ ക്ളാസും നടത്തി.

സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ ജോയിന്‍റ് സെക്രട്ടറിയും മധ്യപ്രദേശ് സത്നാ സെന്‍റ് എഫ്രേം തീയോളോജിക്കൽ കോളേജ് പ്രൊഫസറും, വാഗ്മിയും ധ്യാന ശുശ്രുഷകനുമായ റവ.ഡോ. അനീഷ് കിഴക്കേവീട്, പാരീഷ് പ്രീസ്റ്റ് ഫാ.അനീഷ് നെല്ലിക്കൽ എന്നിവരുടെ സംയുക്തകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന സ്റ്റീവനേജ് സെന്‍റ് ജോസഫ് ദേവാലയത്തിൽ അർപ്പിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ആമുഖമായി വിദ്യാർഥികളും,അധ്യാപകരും റോസാപുഷ്പങ്ങൾ അൾത്താരയിൽ സമർപ്പിച്ചു കൊണ്ട് പ്രാർഥനാഗീതത്തോടെ സമാരംഭിച്ച വേദപാഠ പരിശീലന പുതുവർഷാരംഭം തിരി തെളിച്ചു കൊണ്ട് ഫാ.അനീഷ് നെല്ലിക്കൽ നന്ദി കുറിച്ചു. വേദപാഠ പരിശീലനത്തിന്‍റെ പ്രാധാന്യത്തെ പരാമർശിച്ചു കൊണ്ട് എവ്ലിൻ അജി സംസാരിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നൽകിയ ഇടവേളക്കും ലഘുഭക്ഷണത്തിനും ശേഷം റവ.ഡോ.അനീഷ് കിഴക്കേ വീട് ’ലിറ്റർജിക്കൽ സ്പിരിച്വാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു.

’ക്രൈസ്തവർ സ്നേഹവും സാഹോദര്യവും വിശ്വാസ മൂല്യങ്ങളും മുറുകെ പിടിച്ചു ക്രിസ്തു സാക്ഷികളായി ജീവിക്കണം’ എന്ന് അനീഷച്ചൻ ഓർമ്മിപ്പിച്ചു. ’ദൈവകൃപയുടെയും അനുഗ്രഹത്തിന്‍റെയും വാതായനം തുറന്നു കിട്ടുന്ന വിശുദ്ധ ബലിയിൽ ആൽമീയമായി ഒരുങ്ങി പങ്കു ചേരേണ്ടതും, ലോകരക്ഷകന്‍റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള മാനവ രക്ഷാകരദൗത്യ സംഭവങ്ങൾ കൂദാശാകർമ്മത്തിൽ അനുഭവവേദ്യമാകുന്ന തലത്തിലേക്ക് വിശ്വാസികൾ ആൽ്മീയമായി ഉയരേണ്ടതും അനിവാര്യമാണ്’.

’വിശുദ്ധ കുർബാനയിലെ മുദ്രകളുടെ അർഥവും, കൂദാശകളിലും ബലിപീഠത്തിലും സമർപ്പണവസ്തുക്കളിലും, ദേവാലയം ഒരുക്കുന്നതിലും വരെ സഭ നിഷ്കർഷിക്കുക വിശുദ്ധ ഗ്രന്ഥമടിസ്ഥാനമാക്കിയാണെന്നു’ അനീഷച്ചൻ ഉദ്ബോധിപ്പിച്ചു.

ജസ്ലിൻ വിജോ, ജോർജ് മണിയാങ്കേരി എന്നിവർ ഗാനശുശ്രുഷക്കു നേതൃത്വം നൽകി. ജോയി ഇരുന്പൻ, ബെന്നി ജോസഫ്, തോമസ് അഗസ്റ്റിൻ, സജൻ സെബാസ്റ്റ്യൻ, ടെസ്‌സി ജെയിംസ്, ടെറീന ഷിജി, ആനി ജോണി തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റീവനേജ് സീറോ മലബാർ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ സ്നേഹോപഹാരം ട്രസ്റ്റി സാംസണ്‍ ജോസഫ് ഫാ .അനീഷ് കിഴക്കേവീട് നൽകി. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ ശുശ്രുഷകൾ സമാപിച്ചു.