ജോര്‍ജ് കോട്ടേക്കുടിയുടെ ചിത്രകലാ പ്രദര്‍ശനം ജര്‍മനിയില്‍ ശ്രദ്ധേയമായി
Tuesday, September 20, 2022 9:26 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയിലെ അനുഗ്രഹീത മലയാളി ചിത്രകാരന്‍ ജോര്‍ജ് കോട്ടേക്കുടിയുടെ ചിത്രകലാ പ്രദര്‍ശനം പുതുമയിലും ആവിഷ്ക്കാരത്തിലും അവതരണത്തിലും ശ്രദ്ധേയമായി. ഇതു മൂന്നാം തവണയാണ് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ ജോര്‍ജിന്റെ ചിത്രകലാ പ്രദര്‍ശനം ജര്‍മനിയില്‍ നടന്നത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍, കൊളോണ്‍ കേരള സമാജം, കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ് ജര്‍മനി തുടങ്ങിയ മലയാളി സംഘടനാ നേതാക്കളുടെയും ജര്‍മന്‍കാരുടെയും സാന്നിദ്ധ്യത്തില്‍ സിഎംഐ സഭാഗംങ്ങളായ ഫാ. മാണി കുഴികണ്ടത്തില്‍, ഫാ.സേവി മാടപ്പള്ളി എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ജോയി മാണിക്കത്ത്, ജോളി തടത്തില്‍, ജോസ് പുതുശേരി, ജോളി എം പടയാട്ടില്‍, ജെയിംസ് ശ്രാമ്പിക്കല്‍, ജോണി വന്യംപറമ്പില്‍, ടോമി തടത്തില്‍, മേരി ക്രീഗര്‍, ഷീബ കല്ലറയ്ക്കല്‍, ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

നൊയസ് നഗരത്തിലെ റൊമാനിയും കേന്ദ്രത്തിലാണ് ഒരു മാസത്തോളം നീണ്ട പ്രദര്‍ശനം വിജയകരമായി സമാപിച്ചത്. ഏതാണ്ട് നാല്‍പ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ജര്‍മന്‍കാരെ കൂടാതെ നിരവധി മലയാളികളും ദിവസേന പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പ്രകൃതിഭംഗി, കടല്‍, തീവണ്ടി, സൂര്യോദയം, അസ്തമയം, ജര്‍മനിയിലെ നാലു ഋതുഭേദങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പമാക്കിയാണ് ചിത്രങ്ങള്‍ മെനഞ്ഞത്.വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ഓരോ ചിത്രങ്ങളും വരയ്ക്കാനുണ്ടായ സാഹചര്യങ്ങളും അതിന്റെ സവിശേഷതയും ജോര്‍ജ് പ്രദര്‍ശനവേളയില്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു കൊടുത്തു. കേരളത്തില്‍ നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറയച്ചന്‍ എന്നിവരുടെ ഛായചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിരുന്നു.ഫോട്ടോ പ്രദർശനം ജെൻസ് കുമ്പിളുവേലിൽ അഭ്രപാളികളിൽ പകർത്തി.

ചെറുപ്പം മുതലേ നിറക്കൂട്ടുകളുടെ മാഹാത്മ്യം കണ്ടറിഞ്ഞ് ചിത്രകലയുടെ ലോകം സ്വന്തമായി ഒരുക്കിയ ജോര്‍ജ് ജര്‍മനിയിലെത്തിയിട്ടും തന്റെ കലാവാസനയുടെ സ്വാഭാവികമായ അഭിരുചി ഒട്ടും ചോരാതെ ചിത്രകലാ രചനയില്‍ ഇപ്പോഴും മുഴുകിയിരിയ്ക്കയാണ്.

ജര്‍മനിയിലെ നോയസില്‍ താമസിയ്ക്കുന്ന ജോര്‍ജ് നോയസ് നഗരത്തിന്റെ നിരവധി തവണ താന്‍ മെനഞ്ഞ ചിത്രങ്ങള്‍ സ്വരുക്കൂട്ടി ചിത്രകലാ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. കലാകാരിയായ മോളിയാണ് ഭാര്യ. . ജാനറ്റ്, ജൂലിയറ്റ്, എന്നിവര്‍ മക്കളും, സന്തോഷ് മരുമകനും, സ്‌നേഹ, അജെയ് എന്നിവര്‍ ഇവരുടെ പേരക്കുട്ടികളുമാണ്.