യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 15 ന് എസെക്സിലെ റൈലെയിൽ
Tuesday, September 20, 2022 7:40 PM IST
ജോബിൻ ജോർജ്
ലണ്ടൻ: പതിമൂന്നാമത് യുക്മ നാഷണൽ കലാമേളയ്‌ക്ക് മുന്നോടിയായി നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 15 ന് എസ്സെക്സിലെ റൈലെ സ്വയിൻ പാർക്ക് സ്‌കൂളിൽ വെച്ച് നടത്തും.

യുക്മയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ളിയയിലെ കലാമേള കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് റീജിയണൽ നേതൃത്വം. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും നാഷണൽ കമ്മിറ്റി മെമ്പർ സണ്ണിമോൻ മത്തായിയുടെയും നേതൃത്വത്തിൽ റീജിയൻ സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ, ആർട്സ് കോർഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ മറ്റ് റീജിയണൽ ഭാരവാഹികൾ എന്നിവർ ചേർന്ന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.

ഈസ്റ്റ്‌ ആംഗ്ളിയ റീജിയണിൽ ഉൾപ്പെട്ട അസോസിയേഷനുകൾ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വരുന്ന യുക്‌മ കലോത്സവത്തിൽ പങ്കെടുക്കുവാനുള്ള ഊർജ്ജിതമായ തയ്യാറെടുപ്പുകളിലാണ്.

കലാമേളയോട് അനുബന്ധിച്ചു നടന്ന ലോഗോ ഡിസൈൻ മത്സരത്തിൽ ബാസിൽഡണിൽ നിന്നുള്ള സിജോ ജോർജ് തയാറാക്കിയ ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ലോഗോ മത്സരത്തിൽ വിജയിയായ സിജോ ജോർജ്ജിന്‌ ഒക്‌ടോബർ 15 ന് കലാമേള വേദിയിൽ വച്ച്‌ ട്രോഫി സമ്മാനിക്കുന്നതാണ്.